ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തണമെന്ന് പാകിസ്താന്‍ കരസേനാമേധാവി ജനറല്‍ ഖ്വമര്‍ ജാവേദ് ബജ്വവ ആവശ്യപ്പെട്ടു. 

ഇതിനായുള്ള ശ്രമങ്ങള്‍ക്ക് സൈന്യത്തിന്റെ പൂര്‍ണപിന്തുണയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിന്‍െ ഉപരിസഭയായ സെനറ്റിനെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോള്‍ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

സെനറ്റ് അധ്യക്ഷന്‍ റാസാ റബ്ബാനിയുടെ ക്ഷണപ്രകാരമാണ് കരസേനാമേധാവി പാര്‍ലമെന്റിലെത്തിയത്. ഐ.എസ്.ഐ മേധാവി നവീദ് മുക്തറും മറ്റു ഉന്നത ഉദ്യോഗസ്ഥരും കരസേനാമേധാവിക്കൊപ്പമെത്തിയിരുന്നു. പാക് സൈന്യം ഇന്ത്യയുമായുള്ള സമാധാന ചര്‍ച്ചകള്‍ക്ക് എതിരാണെന്ന വിലയിരുത്തലുകളെ തിരുത്തിക്കുറിക്കുന്നതാണ് കരസേനാമേധാവിയുടെ വാക്കുകള്‍. 

അതേസമയം സെനറ്റിനെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോള്‍ ഇന്ത്യയെ വിമര്‍ശിക്കാനും കരസേനാ മേധാവി മറന്നില്ല. ഇന്ത്യന്‍ സൈനിക വിന്യാസത്തിന്റെ വലിയൊരു ഭാഗവും പാകിസ്താനെ ലക്ഷ്യം വച്ചുള്ളതാണെന്നും പാകിസ്താനെ അസ്ഥിരപ്പെടുത്താനും തീവ്രവാദം വളര്‍ത്താനും ഇന്ത്യ ശ്രമിക്കുന്നുണ്ടെന്നും ബജ്വവ ആരോപിച്ചു.