ഇന്ത്യ, മിന്നലാക്രമണം നടത്തിയെന്ന വിവരങ്ങള്‍ സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടുകളാണ് ആദ്യം പാക് മാധ്യമങ്ങളില്‍ വന്നത്. എന്നാല്‍ കരസേനയുടെ വാര്‍ത്താ സമ്മേളനം അവസാനിച്ച ഉടന്‍ പാക്കിസ്ഥാന്‍ സൈനിക നേതൃത്വം ഇക്കാര്യം ശക്തമായി നിഷേധിച്ച് രംഗത്തുവന്നു. നിയന്ത്രണ രേഖയില്‍ ഇന്ത്യ വെടിവെപ്പ് നടത്തിയെന്നും രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടുവെന്നും പാക്കിസ്ഥാന്‍ സേന പ്രസ്താവന നല്‍കി. ഇന്ത്യയുടെ ആക്രമണത്തെ അപലപിക്കുന്നു എന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് പറഞ്ഞു. രാജ്യസുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്നും നവാസ് ഷെരീഫ് വ്യക്തമാക്കി. ഇന്ത്യയുടെ ഏത് ആക്രമണത്തിനും തിരിച്ചടി നല്‍കാന്‍ കെല്‍പ്പുണ്ടെന്നായിരുന്നു പാക് പ്രതിരോധ മന്ത്രി ക്വാജ മുഹമ്മദ് ആസിഫിന്റെ പ്രതികരണം.
മിന്നലാക്രമണം നടന്നിട്ടില്ലെന്ന് വിശദീകരിക്കുമ്പോഴും ഇന്ത്യയുടെ ഈ നീക്കം പാക്കിസ്ഥാനെ ഞെട്ടിച്ചിരിക്കുകയാണ്. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് കരസേന മേധാവി ജനറല്‍ റെഹീല്‍ ഷെരീഫ് ഉള്‍പ്പടെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തു. 10 പാക്കിസ്ഥാന്‍ സൈനികരെങ്കിലും ഈ ഓപ്പറേഷനില്‍ കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നാണ് ഇന്ത്യന്‍ കരസേന നല്‍കുന്ന സൂചന.
