ഇസ്ലാമാബാദ്: ഓസ്ട്രിയയിലെ പാക്കിസ്ഥാന്‍ എംബസി ഉദ്യോഗസ്ഥനെ രഹസ്യരേഖകളുമായി കാണാതായി. ഓസ്ട്രിയയിലെ പാക്ക് എംബസിയില്‍ ക്ലാര്‍ക്കായി ജോലി ചെയ്തിരുന്ന ഈ ഉദ്യോഗസ്ഥന് രഹസ്യ സ്വഭാവമുള്ള ചുമതലകള്‍ പ്രതിരോധ മന്ത്രാലയം നല്‍കിയിരുന്നതായി പാക്ക് ദേശീയ മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

രഹസ്യരേഖകളുമായി ഉദ്യോഗസ്ഥനെ കാണാതായ സംഭവത്തില്‍ പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രാലയം കേസെടുത്തു. പാക്കിസ്ഥാന്‍ പീന്‍ല്‍ കോഡ് പ്രകാരം വിശ്വാസ വഞ്ചനയ്ക്കാണ് കേസെടുത്തിരിക്കുന്നത്. ഈ മാസം രണ്ടിനാണ് ദേശീയ താല്‍പര്യം സംരക്ഷിക്കുന്ന സുപ്രധാന രേഖകളുമായി ഉദ്യോഗസ്ഥനെ കാണാതായതെന്ന് എഫ്‌ഐആറില്‍ പറയുന്നു. 

അതേസമയം, ഉദ്യോഗസ്ഥന്‍ സ്വന്തം ഇഷ്ട പ്രകാരമാണു പോയതെന്നും, അഞ്ചു വര്‍ഷത്തിനു ശേഷം തിരികെ വരുമെന്ന് പറഞ്ഞതായും ഭാര്യ അറിയിച്ചു. എന്നാല്‍ ഇക്കാര്യങ്ങളൊന്നും പാക്ക് പ്രതിരോധ മന്ത്രാലയത്തെയോ,എംബസിയെയോ ഉദ്യോഗസ്ഥന്‍ അറിയിച്ചിട്ടില്ല.