ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്റെ പ്രകോപനം. മൂന്നിടങ്ങളില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പൂഞ്ചിലെ വെടിവയ്പ്പില്‍ ആറു വയസ്സുകാരിയും രജൗരിയില്‍ ഒരു ജവാനും മരിച്ചു. ഉറിയില്‍ ഒരു ബിഎസ്എഫ് ജവാന് പരിക്കേറ്റു. പ്രകോപനം തുടര്‍ന്നാല്‍ തിരിച്ചടിയും തുടരുമെന്ന് ഇന്ത്യ പാകിസ്ഥാനെ അറിയിച്ചു. രജൗരിയില്‍ ഏഴരയോടെ പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തിലാണ് ജവാനായ മുധാസിര്‍ അഹമ്മദ് കൊല്ലപ്പെട്ടത്. 37കാരനായ മുധാസിര്‍ അഹമ്മദ് രണ്ടുകുട്ടികളുടെ പിതാവാണ്.

പാക്കിസ്ഥാന്‍റെ പ്രകോപനത്തിന് രാവിലെതന്നെ കടുത്ത ഭാഷയില്‍ ഇന്ത്യ മറുപടി നല്‍കിയിരുന്നു. വെടിനിര്‍‍ത്തല്‍ കരാര്‍ ലംഘിക്കുന്ന പാക്കിസ്ഥാന്‍റെ നടപടിക്കെതിരെ പ്രതികരിക്കാന്‍ ഇന്ത്യയ്ക്ക് അവകാശമുണ്ടന്ന് സൈന്യം പറഞ്ഞു. അതിര്‍ത്തിയിലെ പ്രകോപനത്തെ ഗൗരവമായി കാണുന്നതായും കൃത്യമായ മറുപടി നല്‍കുമെന്നു സൈനിക തലവന്‍ എ കെ ഭട്ട് പാക്കിസ്ഥാനെ അറിയിച്ചിട്ടുണ്ട്. അതിര്‍ത്തിയില്‍ വെടിവയ്പ് തുടരുന്നതായും ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കുന്നതായും ആഭ്യന്തരമന്ത്രാലയം നല്‍കുന്ന വിവരം.