ദില്ലി: ചാരപ്രവർത്തനം നടത്തിയതിന് ദില്ലിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥനയും രണ്ട് രാജസ്ഥാനികളെയും ദില്ലി പോലീസ് പിടികൂടി. 48 മണിക്കൂറിനകം നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യയിൽ നിന്ന് തിരിച്ചയക്കണമെന്ന് പാകിസ്ഥാൻ ഹൈക്കമ്മീഷണർ അബ്ദുൾ ബാസിതിനെ വിളിച്ചു വരുത്തി വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

ദില്ലിയിലെ പാക് ഹൈക്കമ്മീഷനിലെ ഉഗ്യോഗസ്ഥൻ മെഹ്മൂദ് അക്തർ ഉൾപ്പടെ മൂന്നു പേരാണ് ചാരപ്രവർത്തനത്തിന് ദില്ലി പോലീസിന്റെ പിടിയിലായത്. രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ദില്ലി പോലീസ് നീക്കം. പിടിയിലായ ഇന്ത്യാക്കാർ രാജസ്ഥാനിൽ നിന്ന് ഉള്ളവരാണ്. ഇവർക്ക് പാക് വിസ നല്‍കാം എന്നതുൾപ്പടെയുള്ള വാഗ്ദാനങ്ങൾ നല്കി അതിർത്തിയിലെ സൈനിക വിന്യാസം സംബന്ധിച്ച വിവരങ്ങൾ ചോർത്തുകയായിരുന്നു മെഹ്മൂദ് അക്തർ. ചില പ്രതിരോധ രേഖകളും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. പാകിസ്ഥാനിൽ ഐഎസ്ഐയിൽ പ്രവർത്തിച്ചിരുന്ന അക്തറിനെ വിസാ ഓഫീസർ എന്ന പേരിൽ പാകിസ്ഥാൻ ഹൈക്കമ്മീഷനിൽ നിയോഗിക്കുകയായിരുന്നു എന്നാണ് പോലീസ് നല്‍കുന്ന വിവരം.

നയതന്ത്ര പരിരക്ഷ ഉള്ളതിനാൽ അക്തറിനെ പാക് ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥർക്കു കൈമാറി. പാകിസ്ഥാൻ ഹൈക്കമ്മീഷണർ അബ്ദുൾ ബാസിതിനെ വിളിച്ചു വരുത്തി വിദേശകാര്യ മന്ത്രാലയം അക്തതറിനെ ഇന്ത്യ അസ്വീകാര്യനായി പ്രഖ്യാപിക്കുകയാണെന്നും 48 മണിക്കൂറിനുള്ളിൽ ഇയാളെ തിരിച്ചയയ്ക്കണമെന്നും ആവശ്യപ്പെട്ടു. അക്തർ ചാരപ്രവർത്തനം നടത്തിയിട്ടില്ല എന്നാണ് പാകിസ്ഥാൻറ പ്രതികരണം.

ഇതിനിടെ അതിർത്തിയിൽ പാകിസ്ഥാൻ പ്രകോപനം തുടരുകയാണ്. ആർഎസ് പുര മേഖലയിൽ പാകിസ്ഥാൻ വെടിവയ്പിൽ ബീഹാറിൽ നിന്നുള്ള ജിതേന്ദർ കുമാർ എന്ന ബിഎസ്എഫ് ഹെഡ് കോൺസ്റ്റബിൾ കൊല്ലപ്പെട്ടു. പതിനൊന്ന് നാട്ടുകാർക്ക് പരിക്കേറ്റു. ഇന്ത്യയുടെ വെടിവെയ്പിൽ 5 പേർക്ക് പരിക്കേറ്റതായി പാകിസ്ഥാൻ സേനയും വ്യക്തമാക്കി.