സൗദിയില്‍ പ്രതിസന്ധിയലകപെട്ട തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കുന്നതിനു ഇന്ത്യ, ഫിലിപ്പൈന്‍സ് മന്ത്രിമാര്‍ക്കു പിന്നലെ പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി സയ്യദ് സദറുദ്ദിന്‍ ഷായും സംഘവും സൗദിയിലെത്തി. റിയാദില്‍ എത്തിയ മന്ത്രി സൗദി തൊഴില്‍ മന്ത്രി ഡോ. മുഫ് രിജ് അല്‍ ഹുഖ്ബാനിയും മറ്റു ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ചനടത്തി. ഇന്ത്യന്‍ തൊഴിലാളികള്‍ക്കും ഫിലിപ്പൈന്‍സു തൊഴിലാളികള്‍ക്കും നല്‍കിയതുപോലെ പ്രതിസന്ധിയിലായ തൊഴിലാളികള്‍ക്കു സ്വതന്ത്രമായി നാട്ടിലേക്കു തിരിച്ചു പോവുന്നതിന് അനുമതിനല്‍കുമെന്ന് സൗദി തൊഴില്‍ മന്ത്രി ഡോ.മുഫ് രിജ് അല്‍ ഹുഖ്ബാനി പാകിസ്ഥാന്‍ മന്ത്രിക്കു ഉറപ്പു നല്‍കി.

നാട്ടിലേക്കു മടങ്ങുന്ന തൊഴിലാളികളുടെ യാത്ര ചിലവ് സൗദി സര്‍ക്കാര്‍ വഹിക്കും. താല്‍പ്പര്യമുള്ളവര്‍ക്ക് മറ്റു തൊഴിലുടമയുടെ കീഴിലേക്കു സ്‌പോണ്‍സര്‍ഷിപ് മാറുന്നതിനും അവസരമൊരുക്കും. കൂടാതെ തൊഴിലാളികളുടെ മുടങ്ങിയ വേതനും മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്നതിനു രണ്ട് അഭിഭാഷകരെ നിയമിക്കുകുയയും ചെയ്തു. യാതൊരു ഫീസും നല്‍കാതെ തന്നെ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ഇവര്‍ ഏറ്റെടുക്കുമെന്നും പാകിസ്ഥാന്‍ സംഘത്തെ തൊഴില്‍ മന്ത്രാലയം അറിയിച്ചു. 20 ലക്ഷത്തോളം പാകിസ്ഥാനികളാണ് സൗദിയില്‍ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നത്.