അഫ്ഗാന്‍ അതിര്‍ത്തിയില്‍ തകര്‍ന്ന വേലിക്കെട്ടുകള്‍ പുനസ്ഥാപിക്കുന്നതിന് അമേരിക്കയുടെ സഹായം തേടി പാകിസ്ഥാന്‍ . കടുത്ത സാമ്പത്തിക നിയന്ത്രണത്തിന് ഇടയില്‍ കേവലം 2343 കിലോമീറ്റര്‍ വേലിക്കെട്ട് പൂര്‍ത്തിയാക്കാനേ പാകിസ്ഥാന് സാധിച്ചിട്ടുള്ളൂ. 2019ല്‍ നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന ലക്ഷ്യത്തോടെയാണ് പാകിസ്ഥാന്റെ ആവശ്യം. നേരത്തെ നിര്‍ത്തിവച്ച ധനസഹായം പുനസ്ഥാപിക്കണമെന്നാണ് പാക് വാദം. 

യുദ്ധത്തിനായി അമേരിക്ക ചെലവാക്കുന്നതിന്റെ ചെറിയൊരു പങ്ക് ലഭിച്ചാല്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പാക് വിദേശകാര്യ മന്ത്രി ഖ്വാജാ മുഹമ്മദ് ആസിഫ് വിശദമാക്കുന്നത്. താലിബാന്‍ തീവ്രവാദികളെ ചെറുത്ത് തോല്‍പിക്കാന്‍ ഈ വേലിക്കെട്ടുകള്‍ക്ക് സാധിക്കുമെന്നാണ് പാകിസ്ഥാന്‍ വിലയിരുത്തുന്നത്. നേരത്തെ പാകിസ്ഥാന് നല്‍കിക്കൊണ്ടിരുന്ന 2 ബില്യണ്‍ ഡോളറിന്റെ ധനസഹായം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ത്തലാക്കിയിരുന്നു. നുണ പറഞ്ഞ് പാകിസ്ഥാന്‍ കരസ്ഥമാക്കിയിരുന്നതാണ് ഈ തുകയെന്നായിരുന്നു ട്രംപ് ആരോപിച്ചത്. 

പരിശോധനകള്‍ കൂടാതെ അതിര്‍ത്തി കടന്നെത്തുന്ന തീവ്രവാദികളെ ചെറുക്കാന്‍ സുരക്ഷാ സംവിധാനങ്ങള്‍ കൂടിയതാണ് ഈ വേലിക്കെട്ടെന്നാണ് പാകിസ്ഥാന്‍ അവകാശപ്പെടുന്നത്. ദിനംതോറും 70000 ത്തിലധികം ആളുകള്‍ രാജ്യത്തേയ്ക്ക് എത്തുന്നുണ്ട്. അതിര്‍ത്തികളില്‍ മതിയായ സുരക്ഷാ സംവിധാനമില്ലാത്തതിനാല്‍ ഇവരില്‍ തീവ്രവാദികള്‍ ഉണ്ടോയെന്ന് തിരിച്ചറിയാനാവുന്നില്ലെന്നാണ് പാകിസ്ഥാന്‍ വാദിക്കുന്നത്. പാകിസ്ഥാന്‍ അഫ്ഗാനിസ്താന്‍ അതിര്‍ത്തിയില്‍ തീവ്രവാദികള്‍ സ്ഥിരം ഉപയോഗിക്കുന്ന 235 ല്‍ അധികം വഴികള്‍ ഉണ്ടെന്നും ഇത് ചെറുക്കുകയെന്ന ഉദ്ദേശത്തോടെയാണ് അതിര്‍ത്തിയിലെ വേലിക്കെട്ട് നിര്‍മാണം തുടങ്ങിയതെന്നും പാക് വിദേശകാര്യ മന്ത്രി വിശദമാക്കി.