ഇസ്ലാമബാദ്: പൊതു തിരഞ്ഞെടുപ്പിന് മുമ്പ് പാകിസ്താന്‍ തങ്ങളുടെ ദേശീയ എയര്‍ലൈനായ പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് സ്വകാര്യവത്കരിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കടുത്ത സാമ്പത്തിക ബാധ്യതയാണ് തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. എമിറേറ്റ്‌സ്, എത്തിഹാദ് എയര്‍ലൈന്‍സുകളുമായി മത്സരിച്ച് പിടിച്ചു നില്‍ക്കാന്‍ സാധിക്കാത്തതും 47 പേരുടെ മരണത്തിനിടയാക്കിയ 2016ലെ വിമാനാപകടവുമാണ് ദേശീയ എയര്‍ലൈന്‍സ് വില്‍ക്കാനുള്ള തീരുമാനത്തിലേക്ക് പാകിസ്താനെ എത്തിച്ചത്.
2013ല്‍ നവാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള പാകിസ്താന്‍ മുസ്ലിം ലീഗ് അധികാരത്തിലേറിയതു മുതല്‍ പല പൊതു മുതല്‍ സ്ഥാപനങ്ങളും സ്വകാര്യവത്കരിക്കാനുള്ള നീക്കം നടന്നിരുന്നു. സ്വകാര്യവത്കരിക്കാന്‍ പാകിസ്താന്‍ പദ്ധതിയിട്ട 68 സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ ഒന്നാണ് പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ്.
