ശ്രീനഗര്‍: ജമ്മു-കശ്‍മീര്‍ അതിര്‍ത്തിയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ട് ഇന്ത്യന്‍ സൈനികരുടെ മൃതദ്ദേഹം പാകിസ്ഥാന്‍ സേന വികൃതമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തര യോഗം വിളിച്ച് സ്ഥിതി വിലയിരുത്തി. തിരിച്ചടി നല്കുമെന്ന് വ്യക്തമാക്കിയ കരസേന അതിര്‍ത്തിയില്‍ പാക് സേനയ്‌ക്കെതിരെ പ്രത്യാക്രമണം തുടങ്ങി.
 
ഇന്ത്യ-പാക് അധിനിവേശ കശ്‍മീരില്‍ കടന്ന് നടത്തിയ മിന്നാലാക്രമണത്തിന് ശേഷം പാക് സേന വീണ്ടും തലപൊക്കുന്നു. ഇന്നു രാവിലെ എട്ടരയ്‌ക്ക് പൂഞ്ച് ജില്ലയിലെ കൃഷ്ണഘട്ടിയില്‍ പ്രകോപനമില്ലാതെ പാകിസ്ഥാന്‍ ഇന്ത്യയുടെ രണ്ട് അതിര്‍ത്തി പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. മോര്‍ട്ടാറും റോക്കറ്റ് ലോഞ്ചറും ഉപയോഗിച്ചായിരുന്നു ആക്രമണം. ഒപ്പം രണ്ടു പോസ്റ്റുകള്‍ക്കിടയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന ഇന്ത്യന്‍ സൈനികര്‍ക്ക് നേരെയും പാക് സേന ആക്രമണം അഴിച്ചു വിട്ടു.  സുബേദാര്‍ പരംജീത് സിംഗ്, അതിര്‍ത്തി രക്ഷാസേന ഹെഡ് കോണ്‍സ്റ്റബിള്‍ പ്രേം സാഗര്‍ എന്നീ സൈനികര്‍ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇന്ത്യന്‍ മണ്ണിലേക്ക് 200 മീറ്റര്‍ കടന്നു കയറിയ പാക് സേന ഈ രണ്ടു  ഇന്ത്യന്‍ സൈനികരുടെയും മൃതദ്ദേഹം വികൃതമാക്കിയെന്ന് കരസേനയുടെ വടക്കന്‍ കമാന്‍ഡ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കൂടുതല്‍ സൈനികരെത്തിയപ്പോഴേക്കും പാക് സേന കടന്നുകളഞ്ഞു. 

പാകിസ്ഥാന്റേത് അധമനടപടിയാണെന്ന് സേന കുറ്റപ്പെടുത്തി. സ്ഥിതി വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം വിളിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവല്‍  മോദിക്ക് വിവരങ്ങള്‍ നല്കി. പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്കുമെന്ന് പ്രഖ്യാപിച്ച കരസേന ഇതിനുള്ള നടപടി തുടങ്ങിയെന്നാണ് സൂചന. പൂഞ്ച് മേഖലയിലാണ് പാകിസ്ഥാന് ഇന്ത്യ പ്രത്യാക്രമണത്തിലൂടെ മറുപടി നല്കുന്നത്. പാകിസ്ഥാന്‍ അതിന്റെ ചരമകുറിപ്പ് എഴുതുന്നു എന്നായിരുന്നു കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‍വിയുടെ പ്രതികരണം.  ചര്‍ച്ചകള്‍ വീണ്ടും തുടങ്ങാന്‍ നരേന്ദ്ര മോദിയും നവാസ് ഷെരീഫും രഹസ്യനീക്കം നടത്തുന്നു എന്ന് പാക് മാധ്യമങ്ങള്‍ കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇതിനിടെയാണ് പാകിസ്ഥാന്‍ സേന ഇന്ത്യന്‍ മണ്ണില്‍ കടന്നുകയറി പ്രകോപനം ഉണ്ടാക്കിയത്.