ശ്രീനഗര്‍: ജമ്മുകശ്‍മീരിലെ നൗഷേരയിലെ ഇന്ത്യയുടെ തിരിച്ചടി വ്യാജമാണെന്ന് വ്യക്തമാക്കി, ഇന്ത്യന്‍ സൈനിക പോസ്റ്റുകളെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പാകിസ്ഥാന്‍ പുറത്തുവിട്ടു. പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന് സ്ഥിരമായ പ്രതിവിധിയില്ലെന്ന് കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞു.

പാകിസ്ഥാന്‍ ബങ്കറുകള്‍ ഇന്ത്യന്‍ സേന തകര്‍ക്കുന്നു


നേരത്തെ അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ക്കും രണ്ട് സൈനികരുടെ മൃതദേഹം വികൃതമാക്കിയതിനും പാകിസ്ഥാന് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇന്ത്യ പുറത്തുവിട്ടിരുന്നു. ഇതിന് മറുപടിയായാണ് ഒരു മിനിറ്റും 28 സെക്കന്‍ഡുമുള്ള വിഡിയോ പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്. ഇന്ത്യന്‍ സൈനിക പോസ്റ്റുകളും ബങ്കറുകളും തകര്‍ക്കുന്ന ദൃശ്യങ്ങളെന്ന പേരിലാണ് പാകിസ്ഥാന്‍ വീഡിയോ പുറത്തുവിട്ടത്. വിഡിയോയുടെ ആധീകാരികതയ്‌ക്ക് പക്ഷേ സ്ഥിരീകരണങ്ങളൊന്നുമില്ല. അതിനിടെ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ആക്രമണത്തിന് സ്ഥിരം പരിഹാരമില്ലെന്നും നൗഷേരയിലേതുപോലുള്ള പ്രത്യാക്രമണങ്ങള്‍ മാത്രമേ പ്രതിവിധിയായുള്ളൂവെന്നും കരസേന മേധാവി ബിപിന്‍ റാവത്ത് പറഞ്ഞു.