ന്യൂയോര്‍ക്ക് ടൈംസ് പോലുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും അസോസിയേറ്റഡ് ഫ്രഞ്ച് പ്രസ് പോലുള്ള വാര്‍ത്ത ഏജന്‍സികളും ഇത്തരമൊരു പാകിസ്ഥാന്‍ സേനയുടെ ഉത്തരമൊരു നടപടി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രദേശിക മാധ്യമങ്ങളുടെയും അന്താരാഷ്ട്ര മാധ്യമങ്ങളുടെയും പ്രതിനിധികള്‍ സംഘത്തിലുണ്ടായിരുന്നു. 20 മാധ്യമ സ്ഥാപനങ്ങളില്‍ നിന്നാണ് 40 പേര്‍ നിയന്ത്രണ രേഖയ്ക്ക് സമീപത്ത് എത്തിയത്. ആക്രമണം നടന്നതിന്റെ യാതൊരു തെളിവും പ്രദേശത്ത് നിന്ന് ലഭിച്ചിട്ടില്ലെന്ന് ഈ മാധ്യമ പ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തിയ വാര്‍ത്തയാണ് ഇന്ന് പാകിസ്ഥാനിലെ പ്രമുഖ പത്രങ്ങളെല്ലാം മുഖപേജുകളില്‍ നല്‍കിയിരിക്കുന്നത്. രാജ്യത്ത് ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് പാകിസ്ഥാന്‍ വിലക്കേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം ജാഗ്രത പാലിക്കുമ്പോഴും, അതിര്‍ത്തി കടന്നുള്ള ആക്രമണം വെറും കെട്ടുകഥയാണെന്ന പ്രചാരണം പാകിസ്ഥാന്‍ സര്‍ക്കാറും സൈന്യവും ഇപ്പോഴും തുടരുകയാണ്. ഇന്ത്യ നടത്തിയ ആക്രമണത്തിനെതിരെ അന്താരാഷ്ട്ര പിന്തുണ തേടി ലോക രാജ്യങ്ങളെയും ഐക്യ രാഷ്ട്ര സഭയെയും സമീപിക്കുന്നതിനിടയിലും ഇന്ത്യന്‍ സേന അതിര്‍ത്തി കടന്നിട്ടില്ലെന്ന വാദത്തില്‍ പാകിസ്ഥാന്‍ ഉറച്ചുനില്‍ക്കുകയാണ്.
നിയന്ത്രണ രേഖയുടെ സമീപം വിവിധ സ്ഥലങ്ങളില്‍ മാധ്യമ പ്രവര്‍ത്തകരെ പാക് സൈന്യം വ്യോമ മാര്‍ഗ്ഗം എത്തിക്കുകയായിരുന്നു. ഇവര്‍ക്ക് വിശദീകരണം നല്‍കാന്‍ പാകിസ്ഥാന്‍ ചാരസംഘടനയായ ഐ.എസ്.ഐയുടെ ഉദ്ദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. ആദ്യമായാണ് പാകിസ്ഥാന്‍ സൈന്യം ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്. സന്ദര്‍ശനത്തില്‍ മാധ്യമ പ്രവര്‍ത്തകരില്‍ പലരും തൃപ്തി രേഖപ്പെടുത്തിയെന്നും ആക്രമണം നടന്നതിന്റെ യാതൊരു അടയാളവും അവിടെ അവശേഷിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ അതിര്‍ത്തി കടന്നുള്ള സൈനിക നീക്കത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ അടക്കം എല്ലാ തെളിവുകളും തങ്ങളുടെ പക്കലുണ്ടെന്ന് ഇന്ത്യന്‍ സൈന്യം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കമാന്റോകളുടെ ഹെല്‍മറ്റില്‍ ഘടിപ്പിച്ച ക്യാമറകളിലൂടെയും ആളില്ലാ വിമാനം ഉപയോഗിച്ചുമാണ് വീഡിയോ ദൃശ്യങ്ങള്‍ ഇന്ത്യന്‍ സൈന്യം സ്വീകരിച്ചത്. ആക്രമണം നടക്കുന്ന സമയത്ത് തന്നെ പ്രതിരോധ മന്ത്രിയും സൈനിക മേധാവിയും അടക്കമുള്ളവര്‍ ഈ ദൃശ്യങ്ങള്‍ തത്സമയം കാണുകയും ചെയ്തിരുന്നു. പിന്നീട് ആവശ്യമെങ്കില്‍ ഈ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
