2017ലാണ് ഷാരൂഖ് ഖാനെ കാണാനുള്ള ആഗ്രഹവുമായി അട്ടാറി-വാഗ അതിര്‍ത്തി ലംഘിച്ച് അബ്ദുള്ള ഇന്ത്യയില്‍ എത്തിയത്. വാഗ അതിര്‍ത്തിയില്‍ പതാക താഴ്ത്തുന്ന ചടങ്ങില്‍ സാക്ഷിയായ ശേഷം ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു.
അമൃത്സർ: ബോളിവുഡ് താരം ഷാരൂഖ് ഖാനെ കാണാൻ അതിർത്തി ലംഘിച്ച് ഇന്ത്യയിലെത്തിയ പാകിസ്ഥാന്‍ പൗരനെ വിട്ടയച്ചു. അബ്ദുള്ള എന്ന 21 കാരനെയാണ് വിട്ടയച്ച്. ഇയാളെ കൂടാതെ കള്ള പാസ്‌പോര്‍ട്ട് ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്കിടയിൽ പിടിയിലായ മുഹമ്മദ് ഇമ്രാന്‍ ഖുറേഷി വാര്‍സി എന്നയാളെയും ഇന്ത്യ മോചിപ്പിച്ചു. ആറ് വര്‍ഷം പാക് ജയിലില്‍ കഴിഞ്ഞ ഇന്ത്യന്‍ പൗരന്‍ ഹാമീദ് അന്‍സാരിയെ കഴിഞ്ഞ ദിവസം പാകിസ്ഥാൻ വിട്ടയച്ചിരുന്നു. ഇതിനുപിന്നാലെ ഇന്ത്യയുടെ നടപടി.
വാഗ അതിര്‍ത്തിയില്‍ വച്ച് ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ഇരുവരേയും പാക് റേഞ്ചേഴ്‌സിന് കൈമാറി. 19 മാസം നീണ്ട ജയില്‍ വാസത്തിന് ശേഷമാണ് അബ്ദുള്ള മോചിതനാകുന്നത്. 2017ലാണ് ഷാരൂഖ് ഖാനെ കാണാനുള്ള ആഗ്രഹവുമായി അട്ടാറി-വാഗ അതിര്‍ത്തി ലംഘിച്ച് അബ്ദുള്ള ഇന്ത്യയില്‍ എത്തിയത്. വാഗ അതിര്‍ത്തിയില്‍ പതാക താഴ്ത്തുന്ന ചടങ്ങില്‍ സാക്ഷിയായ ശേഷം ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. തന്റെ കുട്ടിക്കാലം മുതലുള്ള ആഗ്രഹമാണ് ഷാരൂഖ് ഖാനെ കാണണമെന്നത്. അതിനാൽ അദ്ദേഹത്തെ കാണാനായി നിയമപരമായ രീതിയില്‍ തന്നെ ഇനി ഇന്ത്യയിലേക്ക് തിരിച്ചു വരുമെന്ന് പറഞ്ഞ ശേഷമാണ് അബ്ദുള്ള മടങ്ങിയത്.
അതേസമയം, മുഴുവൻ രേഖകളോടെ ബന്ധുക്കളെ കാണാൻ 2004ൽ ഇന്ത്യയിലെത്തിയതായിരുന്നു വാര്‍സി. നാല് വർഷത്തോളം ബന്ധുക്കളോടൊപ്പം കൊൽക്കത്തയിൽ കഴിഞ്ഞു. അതിനിടയിൽ, 2003ല്‍ ഷാസിയ എന്ന ഇന്ത്യന്‍ പൗരയെ വാർസി വിവാഹം ചെയ്തിരുന്നു. ഇവര്‍ക്ക് രണ്ട് മക്കളുമുണ്ട്. നിയമപരമായി തന്റെ കുടുംബത്തെ പാകിസ്ഥാനിലേക്ക് കൊണ്ടു പോകാൻ വാർസി പദ്ധതിയിട്ടിരുന്നതായി അധികൃതർ പറഞ്ഞു. ഇന്ത്യയിലുള്ള സമയം റേഷൻ കാർഡും മറ്റ് രേഖകളും വാർസി കൈപ്പറ്റിയിരുന്നു. എന്നാൽ 2008ൽ അനധികൃതമായി ഇന്ത്യന്‍ പാസ്‌പോര്‍ട്ട് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വാര്‍സി പിടിയിലാകുന്നത്. പത്ത് വര്‍ഷത്തെ ശിക്ഷ അനുഭവിച്ച ശേഷമാണ് വാര്‍സി ജന്മനാട്ടിലേക്ക് തിരിച്ച് പോകുന്നത്.
