'ഇമ്രാന്‍ ഖാന്‍ കൃത്യമായ സന്ദേശം നല്‍കി കഴിഞ്ഞു. എന്നിട്ടും പാകിസ്ഥാനെ കഴുകന്‍ കണ്ണുകളാല്‍ നോക്കുകയാണെങ്കില്‍ അവരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കും'- ശൈഖ് റാഷിദ് അഹമ്മദ് പറഞ്ഞു.
ഇസ്ലാമാബാദ്: പുൽവാമ ഭീകരാക്രമണത്തിൽ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാൻ തങ്ങളുടെ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ ഇന്ത്യക്കെതിരെ ഭീഷണിയുമായി പാകിസ്ഥാൻ റെയില്‍വേ മന്ത്രി ശൈഖ് റാഷിദ് അഹമ്മദ്. ഇസ്ലാമിക രാഷ്ട്രത്തെ കഴുകന്‍ കണ്ണുകളാല്‍ കാണാന്‍ ശ്രമിക്കുകയാണെങ്കില്‍ അവരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുമെന്ന് ശൈഖ് റാഷിദ് അഹമ്മദ് പറഞ്ഞു.
'ഇമ്രാന്‍ ഖാന്‍ കൃത്യമായ സന്ദേശം നല്‍കി കഴിഞ്ഞു. എന്നിട്ടും പാകിസ്ഥാനെ കഴുകന്‍ കണ്ണുകളാല്‍ നോക്കുകയാണെങ്കില്‍ അവരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കും'- ശൈഖ് റാഷിദ് അഹമ്മദ് പറഞ്ഞു.
പുൽവാമ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത് പാകിസ്ഥാനല്ലെന്നായിരുന്നു ഇമ്രാൻ ഖാന്റെ പ്രസ്താവന. കശ്മീരിലെ അശാന്തിക്ക് പാകിസ്ഥാനല്ല ഉത്തരവാദിയെന്നും ഇന്ത്യ യാതൊരു തെളിവുമില്ലാതെ പാകിസ്ഥാനെ കുറ്റപ്പെടുത്തുകയാണെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. പാകിസ്ഥാന്‍റെ മണ്ണിൽനിന്നുള്ള ആരും അക്രമം പടത്തരുതെന്നുള്ളത് പാക് സർക്കാരിന്‍റെ താൽപ്പര്യമാണ്. വിശ്വസനീയമായ തെളിവ് കൈമാറിയാൽ പാകിസ്ഥാൻ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
പാകിസ്ഥാനെ ആക്രമിച്ചാൽ തിരിച്ചടിക്കില്ലെന്നാണ് ഇന്ത്യൻ സർക്കാർ കരുതുന്നതെങ്കിൽ അത് തെറ്റാണ്. അടിച്ചാൽ പാകിസ്ഥാൻ തിരിച്ചടിക്കുമെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു.
അതേസമയം ഇമ്രാൻ ഖാന്റെ വാദങ്ങൾ തള്ളികൊണ്ട് ഇന്ത്യ രംഗത്തെത്തി. വീണ്ടും തെളിവ് ചോദിക്കുന്നത് നടപടി ഒഴിവാക്കാനെന്ന് ഇന്ത്യ വ്യക്തമാക്കി. മുംബൈ ആക്രണത്തിനു ശേഷം നല്കിയ തെളിവുകൾ എന്തു ചെയ്തെന്ന് ഇന്ത്യ പാകിസ്ഥാനോട് ചോദിച്ചു. തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള നീക്കമെന്ന പ്രസ്താവനയ്ക്ക് അടിസ്ഥാനമില്ലെന്നും ഇന്ത്യൻ ജനാധിപത്യം പാകിസ്ഥാന് മനസ്സിലാവില്ലെന്നും ഇന്ത്യ വിശദമാക്കി.
