Asianet News MalayalamAsianet News Malayalam

'ഉത്കണ്ഠയോ എതിര്‍പ്പോ ഇല്ല'; നദികള്‍ വഴിതിരിച്ച് വിടാനുള്ള തീരുമാനത്തോട് പ്രതികരിച്ച് പാകിസ്ഥാന്‍

പുല്‍വാമ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് നദികള്‍ വഴിതിരിച്ചു വിടുന്നതടക്കമുള്ള കര്‍ശന നടപടികള്‍ പാകിസ്ഥാനെതിരെ സ്വീകരിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. 1960-ലെ ഉഭയകക്ഷി കരാര്‍ പ്രകാരം ഇന്ത്യ-പാക് അതിര്‍ത്തിയിലൂടെ ഒഴുകുന്ന ആറ് നദികളില്‍ രവി,ബീസ്, സത്ലജ് എന്നീ നദികളുടെ നിയന്ത്രണം ഇന്ത്യയ്ക്കും ചെനാബ്,ഇന്‍ഡസ്, ജെഹ്ലം നദികളുടെ നിയന്ത്രണം പാകിസ്ഥാനുമാണ്

pakistan response to india decision to divert three rivers
Author
Islamabad, First Published Feb 22, 2019, 12:27 PM IST

കറാച്ചി: മൂന്ന് നദികളിലെ ജലം ഇന്ത്യ യമുനയിലേക്ക് വഴി തിരിച്ചു വിടുമെന്നുള്ള ഇന്ത്യയുടെ പ്രഖ്യാപനത്തോട് പ്രതികരിച്ച് പാകിസ്ഥാന്‍. പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന മൂന്ന് നദികളിലെ ജലം വഴി തിരിച്ച് വിടുമെന്ന് കേന്ദ്രഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയാണ് പ്രഖ്യാപിച്ചത്.

ഈ വിഷയത്തില്‍ ഉത്കണ്ഠയോ എതിര്‍പ്പോ ഇല്ലെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കി. ജലവിഭവ വകുപ്പ് സെക്രട്ടറി ഖ്വാജ ഷുമെെലിന്‍റെ പ്രതികരണമെന്ന നിലയില്‍ പാകിസ്ഥാന്‍ പത്രമായ ഡോണ്‍ ആണ്  റിപ്പോര്‍ട്ട് ചെയ്തത്. പുല്‍വാമ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് നദികള്‍ വഴിതിരിച്ചു വിടുന്നതടക്കമുള്ള കര്‍ശന നടപടികള്‍ പാകിസ്ഥാനെതിരെ സ്വീകരിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്.

1960-ലെ ഉഭയകക്ഷി കരാര്‍ പ്രകാരം ഇന്ത്യ-പാക് അതിര്‍ത്തിയിലൂടെ ഒഴുകുന്ന ആറ് നദികളില്‍ രവി,ബീസ്, സത്ലജ് എന്നീ നദികളുടെ നിയന്ത്രണം ഇന്ത്യയ്ക്കും ചെനാബ്,ഇന്‍ഡസ്, ജെഹ്ലം നദികളുടെ നിയന്ത്രണം പാകിസ്ഥാനുമാണ്. വിഭജനത്തിന് ശേഷം ആകെയുള്ള ആറ് നദികള്‍ ഇരുരാഷ്ട്രങ്ങളും പകുത്തെടുത്തു.

പാകിസ്ഥാനിലേക്ക് ഒഴുകുന്ന മൂന്ന് നദികളിലെ വെള്ളം നിയന്ത്രിക്കാനുള്ള അവകാശം നമ്മുക്കാണ്. ഈ നദികളില്‍ ഡാമുകള്‍ പണിത് അതില്‍ നമ്മുക്ക് അവകാശപ്പെട്ട  വെള്ളം യമുനയിലേക്ക് വഴി തിരിച്ചു വിടാനാണ് തീരുമാനം. ഇതിനുള്ള പദ്ധതി കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കി കഴിഞ്ഞു. പദ്ധതി പൂര്‍ത്തിയാവുന്നതോടെ യമുനയില്‍ കൂടുതല്‍ ജലമെത്തും. ജമ്മു-കശ്മീരിലേയും പഞ്ചാബിലേയും ജലആവശ്യങ്ങള്‍ക്കും പുതിയ പദ്ധതി ഉപകാരപ്പെടുമെന്നും ഗഡ്കരി പറഞ്ഞു.

രവി നദിയിലെ സഹാപുര്‍-കന്തി മേഖലയില്‍ ഡാമിന്‍റെ നിര്‍മ്മാണം ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.  ജമ്മു-കശ്മീരിലെ ആവശ്യങ്ങള്‍ക്ക് വേണ്ട വെള്ളം ശേഖരിച്ചു കഴിഞ്ഞാല്‍ ബാക്കിയുള്ള ജലം രവി-ബീസ് ലിങ്ക് കനാല്‍ വഴി മറ്റു മേഖലകളില്‍ എത്തിക്കും.  അതിര്‍ത്തിയിലെ നദികളിലെ ഡാം നിര്‍മ്മാണം ദേശീയപദ്ധതികളായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും നിതിന്‍ ഗഡ്കരി വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios