അയൽരാജ്യവുമായി സമാധാനപരമായി ബന്ധം പുലർത്താൻ ചർച്ചയ്ക്ക് തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. പാകിസ്ഥാനുമായി അര്‍ഥവത്തായ ഇടപെടാലിനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നായിരുന്നു മോദിയുടെ പ്രതികരണം.
ദില്ലി: രാജ്യങ്ങൾ തമ്മില്‍ സമാധാനാന്തരീക്ഷം നിലനിർത്തിന്നതിനായി ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അയൽ രാജ്യങ്ങളുമായി സമാധാനപരമായ ബന്ധം പുലർത്തിയില്ലെങ്കിൽ പാകിസ്ഥാനിൽ സമാധാനം കൊണ്ടുവരാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടിക്കാഴ്ച്ച സംബന്ധിച്ച് ഇന്ത്യയുടെ പ്രതികരണം തേടുമെന്നും ഇമ്രാൻ പറഞ്ഞു.
അയൽരാജ്യവുമായി സമാധാനപരമായി ബന്ധം പുലർത്താൻ ചർച്ചയ്ക്ക് തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. പാകിസ്ഥാനുമായി അര്‍ഥവത്തായ ഇടപെടാലിനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നായിരുന്നു മോദിയുടെ പ്രതികരണം. പാക്കിസ്ഥാന്‍റെ പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഇമ്രാൻ ഖാന് അയച്ച അഭിനന്ദന സന്ദേശത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
തിരഞ്ഞെടുപ്പിൽ വിജയിച്ച ഇമ്രാനെ മോദി ടെലിഫോണിൽ വിളിച്ച് അഭിനന്ദിച്ചിരുന്നു. ഇരു രാജ്യങ്ങളിലെയും സമാധാനവും സുരക്ഷിതത്വവും അഭിവൃദ്ധിയും കൊണ്ടുവരുന്നതിനായുള്ള കാഴ്ച്ചപ്പാടുകൾ ഇരുവരുടെയും സംഭാഷണത്തില്‍ പരസ്പരം പങ്കുവച്ചു. വികസനത്തിന് മുൻതൂക്കം നൽകി പൂർണ്ണമായും ഭീകരതയും അക്രമങ്ങളും ഇല്ലാതായാൽ മാത്രമേ ഇരു രാജ്യങ്ങളിലും സമാധാനം കൊണ്ടുവരാൻ സാധിക്കുകയുള്ളൂവെന്നും പ്രധാനമന്ത്രി കത്തിൽ വിശദമാക്കിയിരുന്നു.
ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ആഗ്രഹം ഇമ്രാൻ ഖാൻ നേരത്തെ പ്രകടിപ്പിച്ചിരുന്നു. ഈ ലക്ഷ്യത്തിലേക്ക് ഇന്ത്യ ഒരു ചുവടു വച്ചാൽ രണ്ടു ചുവടു വയ്ക്കാൻ പാക്കിസ്ഥാൻ ഒരുക്കമാണെന്നായിരുന്നു ഇമ്രാന്‍റെ വാക്കുകൾ. യാഥാർഥ്യങ്ങൾ മനസിലാക്കിക്കൊണ്ടു തന്നെ ഇരുരാജ്യങ്ങളും മുന്നോട്ട് പോകേണ്ടതുണ്ടെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷിയും അഭിപ്രായപ്പെട്ടു.
