ജമ്മു: കശ്‍മീര്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ പ്രകോപനം തുടരുന്നു. നിയന്ത്രണ രേഖയില്‍ പൂഞ്ചിനടുത്ത് പാകിസ്താന്‍ രൂക്ഷമായ ഷെല്ലാക്രമണവും വെടിവെയ്പും നടത്തി. സാംബ ജില്ലയില്‍ നുഴഞ്ഞുകയറ്റ ശ്രമം അതിര്‍ത്തി രക്ഷാ സേന പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് പ്രകോപനമുണ്ടായത്. പകല്‍ 11 മണിയൊടെയാണ് പാക് വെടിവെപ്പ് ആരംഭിച്ചത്. ഇന്ത്യന്‍ ക്യാംപിന് നേരെയും ജനവാസ കേന്ദ്രത്തിന് സമീപവുമാണ് ആക്രമണമുണ്ടായത്. വെടിവെയ്പ് ഇപ്പോഴും തുടരുകയാണ്. സൈന്യം ശക്തമായി തിരിച്ചടിച്ചു.
കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ നിരവധി തവണയാണ് അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ ഷെല്ലാക്രമണം നടത്തിയത്. 2003 ല്‍ വെടിനിര്‍ത്തല്‍ കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചതിനുശേഷം 2017 ലാണ് ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം മാത്രം അതിര്‍ത്തി ലംഘിച്ച് 860 ആക്രമണങ്ങളാണുണ്ടായത്.
