ഇസ്ലാമാബാദ്:പാക് സേനയുടെ വെടിവയ്പ്പില്‍ 11 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്ത്യ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന ആരോപണവുമായി പാകിസ്ഥാന്‍. പ്രകോപനമില്ലാതെ ഇന്ത്യന്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ രണ്ട് പാകിസ്ഥാന്‍കാര്‍ കൊല്ലപ്പെട്ടെന്ന് അവര്‍ അറിയിച്ചു. ഈ സംഭവത്തിന് പിന്നാലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ച് പാകിസ്ഥാന്‍ പ്രതിഷേധമറിയിച്ചു.

 ഇരു സൈന്യങ്ങളും തമ്മിലുള്ള വെടിവയ്പ് തുടങ്ങിയതോടെ ഇന്ത്യയുടെ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ജെ.പി. സിങ്ങിനെ പാകിസ്ഥാന്‍ അഞ്ചു തവണ വിളിച്ചെന്നാണ് റിപ്പോര്‍ട്ട്. ശനി, ഞായര്‍ ദിവസങ്ങളിലായി ഇന്ത്യയുടെ പത്തിലധികം പോസ്റ്റുകളില്‍ നിന്ന് പ്രകോപനമൊന്നുമില്ലാതെ ആക്രമണമുണ്ടെന്നാണ് പരാതി. സംഭവത്തില്‍ ഒരു സ്ത്രീയും പുരഷനും കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരിക്കേറ്റതായും പാകിസ്ഥാന്‍ ആരോപിച്ചു. 

 ജനവാസ മേഖലയിലുണ്ടാകുന്ന ആക്രമണ സംഭവങ്ങള്‍ സമാധാനത്തിന് ഭീഷണിയും നയതന്ത്ര ബന്ധങ്ങളില്‍ പ്രശ്നങ്ങളും ഉണ്ടാക്കുമെന്ന് പാകിസ്ഥാന്‍ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ഫൈസല്‍ പറഞ്ഞു. തുടര്‍ച്ചയായ ഇന്ത്യയുടെ വെടിനിര്‍ത്തല്‍ ലംഘനങ്ങളെ കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.