ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ പെഷാവറില്‍ കാര്‍ഷിക സര്‍വകലാശാലക്ക് നേരെ നടന്ന ഭീകരാക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക്ക് താലിബാന്‍ ഏറ്റെടുത്തു. മുപ്പതിലധികം പേര്‍ക്ക് പരുക്കേറ്റു. കൊല്ലപ്പെട്ടവരില്‍ പകുതിയും വിദ്യാര്‍ഥികളാണ്. ഓട്ടോറിക്ഷയിലെത്തിയ മൂന്നു ഭീകരര്‍ വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് ക്യാംപസിനുള്ളിലേക്കു കയറിയത്. അക്രമികളെ സുരക്ഷാ സേന വധിച്ചു. ഡയറക്ടറേറ്റ് ഓഫ് അഗ്രിക്കള്‍ച്ചര്‍ എക്‌സ്റ്റെന്‍ഷന്റെ വിദ്യാര്‍ഥി ഹോസ്റ്റലിലേക്കാണ് ഭീകരര്‍ ആദ്യമെത്തിയത്. ബുര്‍ഖ ധരിച്ചാണ് അക്രമികള്‍ എത്തിയതെന്ന് പൊലീസ് അറിയിച്ചു.
പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയുടെ ഓഫിസ് ആയി പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് ആക്രമിച്ചതെന്ന് പാക്ക് താലിബാന്‍ വക്താവ് മുഹമ്മദ് ഖുറാസനി വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് ടെലിഫോണില്‍ പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരുടെ തക്കസമയത്തുള്ള ഇടപെടലാണ് മരണസംഖ്യ കുറയാന്‍ കാരണമെന്ന് ഖൈബര്‍ പഖ്തുന്‍ഖ്വ ഐജി സലാഹുദ്ദീന്‍ മെഹ്‌സൂദ് അറിയിച്ചു.
