ദില്ലി: കുല്‍ഭൂഷണ്‍ ജാദവിന്‍റെ ഭാര്യ പാക് സന്ദര്‍ശനവേളയില്‍ ധരിച്ച ചെരിപ്പുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കയച്ചതായി റിപ്പോര്‍ട്ട്. ചെരിപ്പിനുള്ളില്‍ കണ്ടെത്തിയ സംശയകരമായ വസ്തു റെക്കോഡിങ് ചിപ്പോ ക്യാമറയോ ആണെന്ന നിഗമനം സ്ഥിരീകരിക്കാനാണ് തീരുമാനമെന്ന് വിദേശകാര്യമന്ത്രാലയത്തെ ഉദ്ധരിച്ച് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ജാദവിനെ സന്ദര്‍ശിച്ച വേളയില്‍ ഭാര്യയോടും അമ്മയോടും ആഭരണങ്ങളും ചെരിപ്പുകളും  ഊരിമാറ്റാന്‍ ആവശ്യപ്പെട്ടതും സന്ദര്‍ശനശേഷം ഭാര്യയുടെ ചെരിപ്പുകള്‍ തിരികെനല്‍കാത്തതും വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ആരോപണത്തിന് ആ ചെരുപ്പില്‍ എന്തോ ഉണ്ടായിരുന്നുവെന്നാണ് പാക്കിസ്ഥാന്‍റെ വിശദീകരണം.  

പരസ്പര ധാരണ പാക്കിസ്ഥാന്‍ ലംഘിച്ചുവെന്ന് സന്ദര്‍ശനത്തിന് ശേഷം ഉയര്‍ന്ന ആരോപണങ്ങളോട് ഇന്ത്യ പ്രതികരിച്ചിരുന്നു. കുടുംബത്തെ കാണാന്‍ ആരോഗ്യപരമായ അന്തരീക്ഷമല്ല പാക്കിസ്ഥാന്‍ ഒരുക്കിയതെന്നും ഇന്ത്യ പറഞ്ഞിരുന്നു. അതേസമയം,  ഇരുവരെയും പാക് അധികൃതര്‍ ചോദ്യങ്ങള്‍ ചോദിച്ച് ബുദ്ധിമുട്ടിച്ചെന്നും മറ്റുമുള്ള ഇന്ത്യയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പാകിസ്താന്‍ പ്രതികരിച്ചു. ക്രിസ്മസ് ദിനത്തിലാണ്  അമ്മയും ഭാര്യയും കുൽഭൂഷണെ സന്ദർശിച്ചത്.

ഇന്ത്യക്ക് വേണ്ടി ബലൂചിസ്ഥാനില്‍ ഭീകരപ്രവര്‍ത്തനങ്ങളും ചാരപ്രവര്‍ത്തിയും നടത്തിയെന്നാരോപിച്ച് കഴിഞ്ഞ ഏപ്രിലിലാണ് പാക് സൈനിക കോടതി ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ചത്. ഇതേതുടര്‍ന്ന് ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ചു. കോടതി വധശിക്ഷ തടഞ്ഞു. ബിസിനസ് ആവശ്യത്തിന് ഇറാനിലെത്തിയ ജാദവിനെ പാകിസ്ഥാന്‍ ബലൂചിസ്ഥാനിലേക്ക് തട്ടിക്കൊണ്ടുവന്നതാണെന്നും പാകിസ്ഥാന്‍റെ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നുമാണ് അന്താരാഷ്ട്ര കോടതിയിൽ ഇന്ത്യ സ്വീകരിച്ച നിലപാട്.