ജമ്മുകശ്‍മീരിലെ സംഘര്‍ഷം മനുഷ്യവകാശ വിഷയമാക്കാനുള്ള പാകിസ്ഥാന്റെ ശ്രമം കഴിഞ്ഞ ദിവസം ഐക്യരാഷ്‌ട്രസഭയില്‍ ഇന്ത്യ തകര്‍ത്തിരുന്നു. ഭീകരവാദം രാജ്യ നയമാക്കിയ പാകിസ്ഥാന്‍ കുറ്റവാളികളെ സംരക്ഷിക്കുകയാണെന്ന് ഇന്ത്യ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കശ്‍മീര്‍ സംഘര്‍ഷം ചര്‍ച്ചചെയ്യാന്‍ പ്രത്യക മന്ത്രിസഭാ യോഗം പാകിസ്ഥാന്‍ വിളിച്ചത്. ഹിസ്ബുല്‍ മുജാഹിദീന്‍ നേതാവ് ബുര്‍ഹാന്‍ വാനിയെ കശ്‍മീരിന്റെ നേതാവ് എന്ന് നവാസ് ഷെരീഫ് വിശേഷിപ്പിച്ചെന്നാണ് പുറത്തുവരുന്ന വിവരം. ബുര്‍ഹാന്‍ വാനിയുടെ വധത്തിന് ശേഷം സുരക്ഷാസേന കശ്‍മീരിലെ നിരപരാധികളായ ജനങ്ങളെ പീഡിപ്പിക്കുകയാണെന്ന വിലയിരുത്തലാണ് യോഗത്തില്‍ ഉയര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം കശ്‍മീര്‍ താഴ്വരയില്‍ ഒരാഴ്ച്ച മുമ്പ് പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തിന് നേരിയ അയവ് വന്നിട്ടുണ്ട്. ഒറ്റപ്പെട്ട ചില ചെറിയ അക്രമസംഭവങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ താഴ്വരെ പൊതുവെ ശാന്തമാണ്. സുരക്ഷ മുന്‍നിര്‍ത്തി പത്ത് ജില്ലകളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്നും തുടരും. സുരക്ഷാസേനയും പൊലീസും സ്ഥലത്ത് കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്.. കാശ്‍മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങിന്റെ നേതൃത്വത്തില്‍ ദില്ലിയില്‍ ഉന്നതതല യോഗം ചേര്‍ന്നു. ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവല്‍, ആഭ്യന്തര സെക്രട്ടറി, രഹസ്യാന്വേഷണ വിഭാഗം മേധാവി തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. സംഘര്‍ഷത്തിന് അയവുണ്ടായിട്ടുണ്ടെങ്കിലും ജാഗ്രത പുലര്‍ത്തണമെന്ന് യോഗം വിലയിരുത്തി.