രാവിലെ പ്രകോപനമൊന്നും കൂടാതെ ഇന്ത്യന്‍ പോസ്റ്റുകളിലേക്ക് പാക് സേന വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം തിരിച്ചും വെടിവെച്ചു. കഴിഞ്ഞ 36 മണിക്കൂറിനിടെ മൂന്ന് തവണയാണ് പാകിസ്ഥാന്‍ നിയന്ത്രണ രേഖയ്ക്ക് അപ്പുറത്ത് നിന്ന് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിനിര്‍ത്തല്‍ ലംഘിച്ച് ആക്രമണം നടത്തുന്നത്. കഴിഞ്ഞ ദിവസം അതിര്‍ത്തി കടന്ന് ഇന്ത്യ സേന നല്‍കിയ തിരിച്ചടി പാക്കിസ്ഥാന് കനത്ത പ്രഹരമേല്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അതിര്‍ത്തിയില്‍ പലയിടത്തും പാക്കിസ്ഥാന്‍ സേന പ്രകോപനമുണ്ടാക്കുന്നത്. അതിര്‍ത്തി കടന്നുള്ള ആക്രമണത്തില്‍ പാക്കിസ്ഥാന്‍ മുതിരുമോയെന്ന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ അതിര്‍ത്തിയിലുടനീളം സൈന്യം കനത്ത ജാഗ്രതയിലാണ്. അതിര്‍ത്തിയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്ന നടപടി ഇന്നും തുടരുകയാണ്.

അതേസമയം ഇന്ത്യ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാന്‍ വീണ്ടും ഐക്യരാഷ്ട്രസഭയെ സമീപിച്ചു. പാകിസ്ഥാന്‍ പ്രതിനിധിയാണ് സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണുമായി കൂടിക്കാഴ്ച നടത്തിയത്. രണ്ട് രാജ്യങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ നിലപാട്. എന്നാല്‍ ഇന്ത്യക്ക് പിന്തുണയുമായി കൂടുതല്‍ ലോകരാഷ്ട്രങ്ങള്‍ രംഗത്തെത്തി. ഇന്ത്യ നടത്തിയ ആക്രമണം മറ്റ് രാജ്യങ്ങള്‍ക്ക് മാതൃകയാണെന്നും ഇന്ത്യയെ അഭിനന്ദിക്കുന്നതായും തെക്കന്‍ കൊറിയന്‍ പ്രസിഡന്റ് അഭിപ്രായപ്പെട്ടു.