വാഷിങ്ടണ്‍: പാക് ആണവകേന്ദ്രങ്ങളില്‍ മിന്നലാക്രമണം നടത്താന്‍ ഇന്ത്യന്‍ വ്യോമസേന തയ്യാറാണെന്ന സേനാ മേധാവി മാര്‍ഷല്‍ ബി.എസ്. ധനോവയുടെ പ്രസ്താവനയ്ക്ക മറുപടിയുമായി പാകിസ്താന്‍. പാകിസ്താന്റെ മണ്ണില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്താന്‍ തുനിഞ്ഞാല്‍ പ്രത്യാക്രമണം ഇന്ത്യ താങ്ങില്ലെന്നായിരുന്നു പാക് വിദേശകാര്യ മന്ത്രി ഖവാജ ആസിഫിന്റെ മറുപടി. 

അയല്‍രാജ്യങ്ങളുമയി നല്ല ബന്ധം നിലനിര്‍ത്താനാണ് ആഗ്രഹിക്കുന്നത്. ഇന്ത്യയുമായുള്ള ബന്ധം അങ്ങേയറ്റം വഷളായിരിക്കുകയാണ്. ചര്‍ച്ചകള്‍ക്കുള്ള നീക്കങ്ങളോട് ഇന്ത്യ പ്രതികരിക്കുന്നില്ല. കശ്മീര്‍ പ്രശ്‌നങ്ങളാണ് ചര്‍ച്ചകളുടെ സാധ്യത ഇല്ലാതാക്കുന്നതെന്നും യു.എസ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസില്‍ സംസാരിക്കവെ ആസിഫ് വ്യക്തമാക്കി. 

എല്ലാ തരത്തിലുള്ള ആക്രമണത്തിനും ഇന്ത്യന്‍ വ്യോമസേന തയ്യാറാണെന്നും തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്നും വ്യോമസേന മേധാവി പറഞ്ഞിരുന്നു. പാകിസ്താനില്‍ ആക്രമണം നടത്താനും ചൈനയുടെ ഏത് വെല്ലുവിളികള്‍ ഏറ്റെടുക്കാനും സേന സുസജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കിയുന്നു.