ഇരുവിഭാഗം ആരാധകരും പോലീസിനെതിരെ തിരിയുകയും ഫ്ലെക്സുകള്‍ നീക്കം ചെയ്യുന്നത് തടയുകയുമായിരുന്നു.
കാസർകോട് : ലോകകപ്പ് ഫുട്ബോളില് കോസ്റ്ററിക്കയ്ക്കെതിരെ ബ്രസീലിന്റെ വിജയാഘോഷം കാസർകോട് ജില്ലിലെ മേൽപറമ്പില് സംഘര്ഷത്തില് കലാശിച്ചു. ബ്രസീലിന്റെ വിജയവും 97 -ാം മിനിറ്റിലെ നെയ്മറിന്റെ ഗോളും ആഘോഷിക്കാനായി ബ്രസീല് ആരാധകര് മേൽപറമ്പില് വച്ചിരുന്ന കൂറ്റന് ഫ്ലെക്സില് പാലഭിഷേകം നടത്തി. ഈ സമയം അതുവഴി കടന്നു പോയ അര്ജന്റീനിയന് ആരാധകര് പാലഭിഷേകം തടയാനെത്തിയതാണ് സംഘര്ഷത്തിനിടയാക്കിയത്.
സംഭവസ്ഥലത്തെത്തിയ ബേക്കല് എസ്.ഐ കെ.പി.വിനോദ് കുമാറും സംഘവും സംഘര്ഷം ലഘൂകരിക്കാന് ശ്രമിച്ചെങ്കിലും രണ്ട് ആരാധകരും വിട്ടുകൊടുക്കാന് തയ്യാറല്ലായിരുന്നു. ഇതേ തുടര്ന്ന് പോലീസ് എയ്ഡ് പോസ്റ്റിനെ മറയ്ക്കും വിധം സ്ഥാപിച്ച കൂറ്റന് ഫ്ലെക്സുകളടക്കം എല്ലാ ടീമുകളുടെയും ഫ്ലെക്സുളും കട്ടൗട്ടുകളും നീക്കം ചെയ്യാന് പോലീസ് തീരുമാനിച്ചു. എന്നാല് ഫ്ലെക്സുകള് നീക്കം ചെയ്യാന് പോലീസ് തുടങ്ങിയപ്പോള് ഇരുവിഭാഗം ആരാധകരും പോലീസിനെതിരെ തിരിയുകയും ഫ്ലെക്സുകള് നീക്കം ചെയ്യുന്നത് തടയുകയുമായിരുന്നു.
നീക്കം ചെയ്ത ഫ്ലെക്സുകള് യഥാവിധി പുനസ്ഥാപിക്കാതെ പോലീസ് സംഭവ സ്ഥലം വിടില്ലെന്ന നിലപാടില് ജനം സംഘടിച്ചതോടെ ആരാധകരില് നിന്നും രക്ഷപ്പെടാനായി കൂടുതല് പോലീസ് സേനയെ വിളിച്ചു വരുത്തേണ്ടിവന്നു. തുടര്ന്ന് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.കെ.സുധാകരന്റെ നേതൃത്വത്തില് കൂടുതല് പോലീസെത്തിയാണ് സംഘര്ഷത്തിന് അയവ് വരുത്തിയത്. പ്രശ്ന പരിഹാരത്തിനായി ഇന്ന് ബേക്കല് സ്റ്റേഷനില് വെച്ച് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില് സമാധാന കമ്മറ്റി യോഗം വിളിച്ചിട്ടുണ്ട്.
