കഞ്ചിക്കോട് കോച്ച് ഫാക്ടറിയില്ലെന്ന പ്രഖ്യാപനം ഭൂമി വിട്ടുനൽകിയ കർഷകർ സമരത്തിലേക്ക്

പാലക്കാട്: കഞ്ചിക്കോട് കോച്ച് ഫക്ടറി പദ്ധതി കേന്ദ്രം ഉപേക്ഷിക്കരുതെന്നാവശ്യപ്പെട്ട് സ്ഥലം വിട്ടു നൽകിയ കർഷകർ പ്രക്ഷോഭത്തിലേക്ക്. ഏതുവിധേനയും പദ്ധതി നടപ്പാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതിക്കായി നിരവധി പേരാണ് കൃഷിഭൂമി വിട്ടുകൊടുത്തിട്ടുള്ളത്. പൊന്നുംവിലകിട്ടിയെങ്കിലും പദ്ധതി ഉപേക്ഷിക്കുകയാണെന്ന തീരുമാനത്തെ നിരാശയോടെ കാണുന്നവരാണ് ഇവര്‍. കൃഷിയിറക്കേണ്ട മണ്ണ് വ്യവസായത്തിനായി വിട്ടുനല്‍കിയത് നാടിന്‍റെ പുരോഗതിക്കാണ് എന്നാല്‍ വിവാദങ്ങളല്ലാതെ മറ്റൊന്നും ഇവിടെ വിളഞ്ഞില്ല.

2008ൽ പ്രഖ്യാപിച്ച പദ്ധതിക്കായി സംസ്ഥാനസർക്കാർ കൃഷിഭൂമിയുൾപ്പെടെ ഏറ്റെടുത്ത് നൽകിയത് 239 ഏക്കറാണ്. ചുറ്റുമതിൽ കെട്ടി വേർതിരിച്ചതല്ലാതെ 10 വ‍‍ർഷത്തിനിപ്പുറം യാതൊരു നടപടിയുമില്ല. നിർമ്മാണ പങ്കാളിയെ നിശ്ചയിക്കുന്നത് നീണ്ടതും പ്രധാന കാരണായി. കർഷക സംഘടനകളുടെ ആഭിമുഖ്യത്തിൽ സമരപരിപാടികൾ അടുത്തയാഴ്ച തുടങ്ങുമെങ്കിലും കേന്ദ്രസർക്കാരിന്‍റെ അനുകൂല സമീപനമില്ലെങ്കിൽ എല്ലാം വെറുതെയാവും.