പാലക്കാട് നഗരസഭ: അവസാന അവിശ്വാസപ്രമേയം ഇന്ന്
പാലക്കാട്: നഗരസഭയിലെ വികസനകാര്യ സ്റ്റാന്‍റിങ്ങ് കമ്മിറ്റി അധ്യക്ഷനെതിരായ അവിശ്വാസ പ്രമേയ ചർച്ച ഇന്ന്. സിപിഎം പിൻതുണച്ചതിനാൽ നേരത്തെ അവതരിപ്പിച്ച രണ്ട് അവിശ്വാസ പ്രമേയങ്ങൾ പാസായിരുന്നു. 15 ദിവസം പിന്നിട്ടതിനാൽ അവിശ്വാസ പ്രമേയ നോട്ടീസ് നിലനിൽക്കില്ലെന്നാണ് ബിജെപിയുടെ നിലപാട്.
ഒമ്പത് അംഗങ്ങളുള്ള വികസനകാര്യ സ്റ്റാന്‍റിങ് കമ്മിറ്റിയിൽ നാല് പേരാണ് ബിജെപി അംഗങ്ങൾ. യുഡിഎഫിനെ സിപിഎം പിൻതുണച്ചാൽ അവിശ്വാസ പ്രമേയം പാസാകുമെന്ന് ഉറപ്പാണ്. ബിജെപിയിൽ നിന്ന് നഗരസഭാ ഭരണം പിടിച്ചെടുക്കുന്നതിന്‍റെ ഭാഗമായാണ് സിപിഎം പിന്തുണയോടെയുള്ള അവിശ്വാസ പ്രമേയങ്ങൾ.
നേരത്തെ അവതരിപ്പിച്ച മൂന്ന് അവിശ്വാസ പ്രമേയങ്ങളിൽ രണ്ടെണ്ണം ഇടത് പിന്തുണയോടെ പാസായിരുന്നു. ബിജെപിയെ ഭരണത്തിൽ നിന്ന് താഴെയിറക്കാൻ ആവശ്യമെങ്കിൽ കോൺഗ്രസുമായി കൂട്ടുചേരാമെന്ന ഹൈദരാബാദ് പാർട്ടി കോൺഗ്രസ് തീരുമാനത്തിന് പിന്നാലെയാണ് പാലക്കാട് നഗരസഭയിൽ യുഡിഎഫ് അവതരിപ്പിക്കുന്ന അവിശ്വാസ പ്രമേയത്തെ പിൻതുണക്കാൻ സിപിഎം തീരുമാനിച്ചത്. വിദ്യാഭ്യാസ സ്റ്റാന്‍റിങ് കമ്മിറ്റി അധ്യക്ഷനെതിരെ അവിശ്വാസ പ്രമേയത്തിന് നാളെ യുഡിഎഫ് നോട്ടീസ് നൽകും.
വിജയിച്ച ലീഗ് വിമതനെതിരെ ഔദ്യോഗിക സ്ഥാനാർത്ഥി നൽകിയ തെരഞ്ഞെടുപ്പ് അയോഗ്യതാ കേസ് കോടതിയിൽ നിലവിലുള്ളതിനാലാണ് അധ്യക്ഷക്കും ഉപാധ്യക്ഷനുമെതിരായി അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത് യുഡിഎഫ് വൈകിപ്പിക്കുന്നത്. ഒരാഴ്ചക്കകം ഈ കേസിൽ ഒത്തു തീർപ്പുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ജില്ലയിലെ യുഡിഎഫ് നേതൃത്വം. ഇതിനു ശേഷം സിപിഎമ്മിന്‍റെ ഒമ്പത് പേരുടെ അടക്കം 28 അംഗങ്ങളുടെ പിന്തുണയോടെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചാൽ സംസ്ഥാനത്ത് ഭരണമുള്ള ഏക നഗരസഭ ബിജെപിക്ക് നഷ്ടമാകും. 24 അംഗങ്ങളാണ് ബിജെപിക്കുള്ളത്.
