പാലക്കാട്: പാലക്കാട് മാത്തൂരിനടുത്ത് ചുങ്കമന്ദത്ത് വീട്ടമ്മയെ കൊന്ന് ചാക്കിൽക്കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ നടുക്കം മാറാതെ നാട്ടുക്കാര്‍. മാത്തൂർ സ്വദേശിയും നാട്ടിൽ അറിയപ്പെടുന്ന സിപിഎം നേതാവായിരുന്ന സഹദേവന്‍റെ ഭാര്യയുമായ ഓമനയുടെ മൃതദേഹമാണ് ഇന്നലെ പുലര്‍ച്ചെ സമീപത്തെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. പ്രതികളിലൊരാളായ ഷൈജുവിന്റെ വീട്ടിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.

ഓമന ഉപയോഗിക്കുന്ന കുട അറസ്റ്റിലായ പ്രതി ഷൈജുവിന്‍റെ വീടിനു മുന്നിൽനിന്നു കണ്ടെത്തിയതോടെ സംശയം അങ്ങോട്ട് തിരിഞ്ഞത്. ഷൈജുവിന്‍റെ വീട് ആദ്യം പരിശോധിച്ചപ്പോള്‍ ഒന്നും കണ്ടെത്തിയില്ല.  എന്നാല്‍ പിന്നീട് നടന്ന വിശദമായ പരിശോധനയിലാണ് കട്ടിലിനടിയില്‍ ചാക്കില്‍കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്നാണ് മുഖ്യപ്രതികളായ ഷൈജുവിനെയും വിജീഷിനെയും കസ്റ്റഡിയിലെടുത്തത്. കൃത്യത്തിന് ശേഷം ഷൈജു ഓമനയുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണം വിൽക്കാൻ ശ്രമിച്ചു. കടയുടമയും നാട്ടുകാരും സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ്  സംഭവം  പുറം ലോകമറിയുന്നത് . 

ആലത്തൂർ ഡിവൈഎസ്പി പി.എ. കൃഷ്ണദാസ്, കുഴൽമന്ദം ഇൻസ്പെക്ടർ എ.എം. സിദിഖ്, എസ്ഐ അനൂപ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. കൊലപാതകത്തില്‍ മുന്‍വൈരാഗ്യം ഉണ്ടോയെന്ന് പരിശോധിക്കുന്നു. അതേസമയം, മൃതദേഹം കണ്ടെത്തിയ വീടിന് പിന്നിലുള്ള സെപ്റ്റിക് ടാങ്കിന്‍റെ മുകളിലുള്ള മണ്ണും മറ്റും നീക്കിയിട്ടുണ്ട്. ഇത് മൃതദേഹം സെപ്റ്റിക് ടാങ്കില്‍ തള്ളാനാണെന്ന് പൊലീസ് സംശയിക്കുന്നു.

പ്രതികളുടെ വീട്ടിൽനിന്ന് അര കിലോമീറ്റർ അകലെയാണ് ഓമനയുടെ ഉടമസ്ഥതയിലുള്ള നെൽപാടം. രാവിലെയും വൈകിട്ടും ഇവർ പാടത്തെത്തും. ഓമന ശനിയാഴ്ച വൈകിട്ട് ആശുപത്രിയിലെത്തി ആരോഗ്യ പരിശോധന നടത്തിയ ശേഷമാണു പാടത്തേക്കിറങ്ങിയത്. പ്രതികളുടെ വീടിനപ്പുറം മറ്റു വീടുകളില്ല. ഇവിടെ വച്ചാകാം കൊലപാതകം നടത്തിയതെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മൃതദേഹം തോട്ടിൽ തള്ളാനും പ്രതികൾ ആലോചിച്ചിരുന്നതിന്റെ സൂചനകൾ ലഭിച്ചിട്ടുണ്ട്.