പാലക്കാട്‌ നഗരസഭയിലെ രാജിവെച്ച കോണ്‍ഗ്രസ് കൗൺസിലർ ബി ജെ പി യില്‍ ചേര്‍ന്നു. കല്‍പ്പാത്തി വാര്‍ഡിലെ കൗൺസിലർ ആയ ശരവണന്റെ രാജിയായിരുന്നു യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെടുത്തിയത്

പാലക്കാട്: പാലക്കാട്‌ നഗരസഭയിലെ രാജിവെച്ച കോണ്‍ഗ്രസ് കൗൺസിലർ ബി ജെ പി യില്‍ ചേര്‍ന്നു. കല്‍പ്പാത്തി വാര്‍ഡിലെ കൗൺസിലർ ആയ ശരവണന്റെ രാജിയായിരുന്നു യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസ് സി പി എമ്മുമായി കൂട്ടുകൂടുന്നതില്‍ പ്രതിഷേധിച്ചാണ് തന്റെ രാജിയെന്ന് ശരവണന്‍ വ്യക്തമാക്കി. സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ഏക നഗരസഭയായ പാലക്കാട് രാജിവെച്ച കോൺഗ്രസ്സ് കൗൺസിലർ ബിജെപി ഓഫീസിൽ എത്തിയിരുന്നു. 

നഗരസഭാ ഭരണസമിതിക്കെതിരെ അവിശ്വാസം പ്രമേയം കൊണ്ടുവരുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് രാജിവെച്ച ശേഷം കാണാതായ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ശരവണനാണ് ഇന്ന് വൈകീട്ടോടെ ബിജെപി നേതാക്കള്‍ക്കൊപ്പം ബിജെപി ഓഫീസിലെത്തിയത്. ബിജെപി ഭരണസമിതിക്കെതിരായ അവിശ്വാസം ചർച്ചയ്ക്ക് എടുക്കുന്നതിന് തൊട്ടുമുമ്പായിരുന്നു രാജി. ശരവണന്‍ രാജിവെച്ചതോടെ ബിജെപി ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെട്ടിരുന്നു. കല്‍പ്പാത്തി ഡിവിഷനിലെ കൗണ്‍സിലറായിരുന്നു ശരവണന്‍. 

കുടുംബത്തോടൊപ്പം ക്ഷേത്ര ദര്‍ശനത്തിനു പോയതാണ് തന്നെ ആരും തട്ടിക്കൊണ്ടു പോയതാല്ലെന്നും ശരവണന്‍ പറഞ്ഞു. പരാതി കൊടുക്കുന്നതിനു തൊട്ടു മുന്‍പാണ് ബി ജെ പി യെ സമീപിച്ചതെന്നും രാഷ്ട്രീയ സംരക്ഷണം നല്‍കുമെന്ന ഉറപ്പിലാണ് ബി ജെ പി യില്‍ ചേരുന്നതെന്നും ശരവണന്‍ പറഞ്ഞു. അതേ സമയം കുതിര കച്ചവടം നടന്നതിന്റെ തെളിവാണ് ശരവണന്റെ ബിജെപി പ്രവേശം എന്നു ഡിസിസി പ്രസിഡന്റ് പ്രതികരിച്ചു. കാണാനില്ലെന്ന് വ്യാജ പരാതി നല്‍കിയ ഡിസിസി പ്രസിഡന്‍റ് വി.കെ. ശ്രീകണ്ഠനെതിരെ പൊലീസില്‍ പരാതി നല്‍കിയ ശേഷമായിരുന്നു ശരവണന്‍ ബിജെപി ഓഫീസിലെത്തിയത്.