വീടിനു സമീപത്ത് സുഹൃത്തുക്കൾക്കൊപ്പം കളിക്കുന്നതിനിടെ കുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു.
പാലക്കാട്: പാലക്കാട് 2ാം ക്ലാസ്സുകാരന് തെരുവുനായുടെ കടിയേറ്റു. മേപ്പറമ്പ് മാപ്പിളക്കാട് വെച്ചാണ് സംഭവം. സൗഹൃദ നഗറിൽ താമസിക്കുന്ന ധ്യാൻ എന്ന 2 ആം ക്ലാസുകാരനാണ് തെരുനായയുടെ കടിയേറ്റത്. വീടിനു സമീപത്ത് സുഹൃത്തുക്കൾക്കൊപ്പം കളിക്കുന്നതിനിടെ കുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. പ്രദേശവാസിയായ യുവതിക്കും തെരുവ് നായയുടെ കടിയേറ്റു. ഇരുവരെയും പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലപ്പുറത്ത് മൂന്നാം ക്ലാസുകാരനെ തെരുവുനായ ആക്രമിച്ചു
മലപ്പുറം കോട്ടക്കലിൽ വീട്ടിൽ കിടന്നുറങ്ങിയ കുട്ടിയെ തെരുവ് നായ വീടിനകത്തു കയറി കടിച്ചു.മൂന്നാം ക്ലാസുകാരൻ മിസ്ഹാബിനാണ് കടിയേറ്റേത് .ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം.വീട്ടിലെത്തിയ വിരുന്നുകാര്‍ പോയതിനു പിന്നാലെ പിറകുവശത്തെ വാതില്‍ അടക്കാൻ പോയതായിരുന്നു കുട്ടിയുടെ അമ്മ.തുറന്നു കടന്ന മുൻ വാതിലിലൂടെ വീട്ടിനകത്ത് കയറിയ തെരുവ് നായ മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന എട്ട് വയസുകാരനെ കടിക്കുകയായിരുന്നു.കുട്ടിയുടെ കാലിനാണ് കടിയേറ്റത്.നിലവിളി കേട്ടെത്തിയ അമ്മ നായയെ ഓടിച്ചു വിട്ടശേഷം കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുട്ടി ചികിത്സയില്‍ തുടരുകയാണ്.
കഴിഞ്ഞ ദിവസം പാലക്കാട് ഒറ്റപ്പാലത്ത് തെരുവുനായ ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേറ്റിരുന്നു. ഈസ്റ്റ് ഒറ്റപ്പാലം, മായന്നൂർ എന്നിവിടങ്ങളിലായി മൂന്നു മണിക്കൂറിനിടയിൽ 6 പേർക്കാണ് അന്നേദിവസം കടിയേറ്റത്. ഈസ്റ്റ് ഒറ്റപ്പാലം ഹൈസ്കൂൾ റോഡിൽ താമസിക്കുന്ന വയോധിക അസ്മ, മധ്യവയസ്ക്കരായയ ബുഷറ, ഹൈറുനിസ എന്നിവർക്കാണ് കടിയേറ്റത്. മൂന്നുപേർക്കും വീടിനു സമീപത്ത് വെച്ചാണ് കടിയേൽക്കുന്നത്. ഹൈറുണിസിയുടെ കാലിൽ ആഴത്തിലുള്ള വലിയ മുറിവായിരുന്നു ഉണ്ടായിരുന്നത്.
മായന്നൂർ സ്വദേശിയായ നാരായണൻ ഒറ്റപ്പാലം ബസ് സ്റ്റാൻഡിൽ ബസ് കയറാൻ നിൽക്കുമ്പോഴാണ് പിറകെ വന്ന നായ കടിച്ചത്. മായന്നൂർ സ്വദേശിയായ 7 വയസുകാരൻ സ്വസ്ഥി കൃഷ്ണക്കും മാതാവ് 31 വയസുകാരി കൃഷ്ണപ്രിയക്കും മായന്നൂരിൽ വച്ചാണ് കടിയേറ്റത്. സംസ്ഥാനത്തെ പല ജില്ലകളിലും തെരുവുനായ ആക്രമണങ്ങള്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.



