വിദ്യാർത്ഥികളും പ്രഭാത സവാരിക്കാരും ഉൾപ്പെടെ പത്തോളം പേർക്ക് നായയുടെ കടിയേറ്റു. പരിക്കേറ്റവരെ തിരൂർ, നിലമ്പൂർ ജില്ലാ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
മലപ്പുറം: മലപ്പുറം ജില്ലയില്‍ നിരവധി പ്രദേശങ്ങളില്‍ തെരുവുനായയുടെ ആക്രമണം. കഴിഞ്ഞ ദിവസങ്ങളിലായി കടുങ്ങാത്തുകണ്ടില്‍ ആറു പേര്‍ക്ക് തെരുവു നായയുടെ കടിയേറ്റു. അഞ്ച് വിദ്യാര്‍ഥികള്‍ക്കും ഒരു ഇതര സംസ്ഥാന തൊഴിലാളിക്കുമാണ് കടിയേറ്റത്. ടി.സി നഗര്‍, നടയാല്‍ പറമ്പ് എന്നിവിടങ്ങളിലാണ് വ്യാഴം, വെള്ളി ദിവസങ്ങളില്‍ തെരുവുനായയുടെ ആക്രമണം ഉണ്ടായത്. കാലിനും കൈയിലും മുഖത്തും മുറിവേറ്റവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെരുവു നായയെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പഞ്ചായത്ത്, മൃഗാശുപത്രി, പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം എടക്കരിയിലും പ്രഭാത സവാരിക്കിറങ്ങിയ നാലു പേര്‍ക്ക് തെരുവ് നായുടെ കടിയേറ്റിട്ടുണ്ട്. കൗക്കാട് ചിത്രംപള്ളിയിൽ സുധീര്‍ ബാബു (45), കലാസാഗര്‍ ചരുവിള മുളക്കടയിൽ റഹ്‌മാബി (63), കലാസാഗര്‍പടിയില്‍ വര്‍ക്ക് ഷോപ്പ് നടത്തുന്ന ദാസന്‍ (60), തമ്പുരാന്‍കുന്ന് സ്വദേശിയായ യുവാവ് എന്നിവര്‍ക്കാണ് കടിയേറ്റത്. ഇവര്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. റഹ്‌മാബിയുടെ കൂടെയുണ്ടായിരുന്ന സ്ത്രീ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു. തമ്പുരാന്‍ കുന്നിനും കൗക്കാടിനും ഇടയില്‍ റോഡരികില്‍ പ്രസവിച്ച് കിടന്ന നായയാണ് പ്രഭാത സവാരിക്കാരെ ആക്രമിച്ചത്. സംഭവത്തെ തുടര്‍ന്ന് ട്രോമാ കെയര്‍ എടക്കര യൂനിറ്റ് ലീഡര്‍ ഹംസയുടെ നേതൃത്വത്തില്‍ പട്ടിയെയും കുട്ടികളെയും പിടികൂടി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.


