കൊട്ടാരക്കര: പുനലൂര്‍ - പാലക്കാട് പാലരുവി എക്‌സ്‌പ്രസ് സര്‍വ്വീസ് ആരംഭിച്ചു. കേന്ദ്ര റയില്‍വെ മന്ത്രി സുരേഷ് പ്രഭു വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ട്രെയിനിന്റെ കന്നിയാത്ര ഉദ്ഘാടനം ചെയതത്. അതേസമയം എംപിമാരെ കയറ്റാത്തതിനെ തുടര്‍ന്ന് ട്രെയിന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു.

പുനലൂരില്‍ നിന്നും മലബാര്‍ മേഖലയിലേക്ക് പുറപ്പെടുന്ന ആദ്യ ട്രെയിനാണ് പാലരുവി എക്‌സ്‌പ്രസ്. മധുരൈ, ഗുരുവായൂര്‍. കന്യാകുമാരി ട്രെയിനുകള്‍ക്ക് ശേഷം പുനലൂരില്‍ നിന്നും പുറപ്പെടുന്ന നാലമത്തെ ട്രയിന്‍. ദില്ലിയില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സ് വഴി റയില്‍വെ മന്ത്രി സുരേഷ് പ്രഭു ട്രയിന്‍ സര്‍വ്വീസ് ഉദ്ഘാടനം ചെയ്തു. പാര്‍ലമന്റ് അംഗങ്ങളും മന്ത്രിയും മറ്റ് ജനപ്രതിനിധികളും ചേര്‍ന്ന് പുനലൂരില്‍ ട്രെയിനിന് പച്ചക്കൊടി കാണിച്ചു.

പുനലൂരില്‍ നിന്നും എറണാകുളം വരെയാണ് കന്നിയാത്ര. ആദ്യയാത്രയില്‍ എംപിമാരെ കയറ്റാത്തതില്‍ പ്രതിഷേധിച്ച് യു ഡി എഫ് പ്രവര്‍ത്തകര്‍ ആവണിശ്വരം റയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ തടഞ്ഞു. പിന്നീട് കാര്‍ മാര്‍ഗം ആവണീശ്വരത്തെത്തിയാണ് എംപിമാര്‍ ട്രെയിനില്‍ കയറിയത്. വ്യത്യസ്‌ത സ്റ്റോപ്പുകളിലായി വന്‍ വരവേല്‍പ്പാണ് പാലരുവി എക്‌സ്‌പ്രസിന് ലഭിച്ചത്.

ദിവസവും പുലര്‍ച്ചെ 3.25 ന് പുനലൂരില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 1.20 ന് പാലക്കാട്ടെത്തും. തിരിച്ച് വൈകുന്നേരം 4.40 ന് പുറപ്പെടുന്ന ട്രെയിന്‍ പുലര്‍ച്ചെ 1.20ന് പുനലൂരുമെത്തുന്ന രീതിയിലാണ് സര്‍വീസ് നടത്തുക. ഇതോടെ കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയിലുള്ളവര്‍ക്ക് എറണാകുളത്തേക്ക നേരിട്ട് യാത്ര ചെയ്യാനാകും. കൂടാതെ വേണാട് എക്‌സ്‌പ്രസിലെ തിരക്കും കുറയും. എറണാകുളത്തുനിന്ന് രാത്രി കോട്ടയം വഴി കൊല്ലത്തേക്ക് ട്രെയിന്‍ ഇല്ലെന്ന് പരാതിയും അവസാനിക്കും. പുനലൂര്‍ മുതല്‍ പാലക്കാട് വരെ 25 ഇടത്താണ് ട്രെയിനിന് സ്റ്റോപ്പുള്ളത്.