ബ്രിക്സ് അജണ്ടയില്‍ പാലസ്തീനെ ഉള്‍പ്പെടുത്തണമെന്ന് ദക്ഷിണാഫ്രിക്ക

ബ്രിക്സ് രാ‍ജ്യങ്ങള്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്ന് ബ്രിക്സ് അജണ്ടയില്‍ പാലസ്തീനെ ഉള്‍പ്പെടുത്തണമെന്ന് ദക്ഷിണാഫ്രിക്ക. ബ്രിസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവയാണ് ബ്രിക്സ് അംഗരാജ്യങ്ങള്‍. ലോകത്തിന്‍റെ 41 ശതമാനം വരുന്ന ജനസംഖ്യയെ ഉള്‍ക്കൊള്ളുന്നവരാണ് ഈ അഞ്ച് രാജ്യങ്ങള്‍. അതിനാല്‍ തന്നെ ബ്രിക്സിന്‍റെ അന്തര്‍ദേശീയ നിലപാടുകള്‍ ഏറെ ചര്‍ച്ച ചെയ്യുന്നതും ശ്രദ്ധിക്കപ്പെടുന്നതുമാണ്.

കേപ്പ് ടൗണ്‍ സര്‍വ്വകലാശാലയില്‍ നടന്ന പൊതുപരിപാടിയില്‍ ദക്ഷിണാഫ്രിക്കയുടെ ഉന്നത വിദ്യാഭ്യാസ മന്ത്രിയാണ് സര്‍ക്കാരിന്‍റെ വിദേശനയം പ്രഖ്യാപിച്ചത്. വരും ദിനങ്ങള്‍ ബ്രിക്സ് രാജ്യങ്ങള്‍ക്കിടയില്‍ പ്രശ്നം വലിയ രീതിയില്‍ ചര്‍ച്ചയാവും. അഞ്ചുരാജ്യങ്ങള്‍ക്കും പ്രസ്തുത വിഷയത്തില്‍ അഞ്ചു നിലപാടുകളാണുളളത്. ദക്ഷിണാഫ്രിക്കയും ഇന്ത്യയും ഇസ്രയേല്‍ -പാലസ്തീന്‍ രാജ്യങ്ങളോട് രാഷ്ട്രിയപരമായ സമദൂരം പാലിക്കുമ്പോള്‍. റഷ്യ പാലസ്തീന് കൊടുക്കുന്ന പിന്തുണ വലുതാണ്. അവരുടെ ഇസ്രയേല്‍ വിരോധം കടുത്തതും.

ബ്രസീലിന്‍റെ ഇപ്പോഴത്തെ ഭരണകൂടമാവട്ടെ തങ്ങളുടെ ഇസ്രയേലുമായുളള ബന്ധം നാള്‍ക്കുനാള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ചൈനയുടെ പാലസ്തീന്‍ നിലപാടുകള്‍ അവ്യക്തവും. തുടര്‍ന്നുളള ദിനങ്ങളില്‍ മറ്റുരാജ്യങ്ങളുടെ പ്രസ്താവനകളും പുറത്തുവരാന്‍ സാധ്യതയുണ്ട്. ബ്രിക്സ് രാജ്യങ്ങളുടെ പത്താമത് സമ്മിറ്റ് ദക്ഷിണാഫ്രിക്കയിലെ ജോഹനാസ്ബര്‍ഗ്ഗില്‍ ഈ വര്‍ഷം നടക്കാനിരിക്കേ ബ്രിക്സ് ജനതയ്ക്കൊപ്പം ലോകവും പാലസ്തീന്‍ സമൂഹവും ദക്ഷിണാഫ്രിക്കയുടെ പുതിയ പരാമര്‍ശങ്ങളെ പ്രതീക്ഷയോടെയാണ് വീക്ഷിക്കുന്നത്.