2014ലെ യുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ സംഘര്‍ഷത്തിനാണ് ഗാസ മേഖല കഴിഞ്ഞ ദിവസങ്ങളില്‍ സാക്ഷ്യം വഹിച്ചത്. ഏഴ് പലസ്തീന്‍കാര്‍ കൊല്ലപ്പെട്ട ആക്രമണങ്ങള്‍ക്ക് മറുപടിയായി ഹമാസ് ഉള്‍പ്പെടെയുള്ള സൈനിക സംഘങ്ങള്‍ 400 റോക്കറ്റ്, മോര്‍ട്ടാര്‍ ആക്രമണങ്ങളാണ് ഇസ്രയേലിന് നേര്‍ക്ക് ഞായറാഴ്ചയ്ക്ക് ശേഷം നടത്തിയത്.

റാമള്ള: ഗാസ അതിർത്തിയിലെ ആക്രമണങ്ങൾ ഇസ്രയേൽ അവസാനിപ്പിക്കുകയാണെങ്കിൽ വെടി നിർത്തലിന് തങ്ങൾ തയ്യാറാണെന്ന് ഹമാസ് ഉൾപ്പെടെയുള്ള പലസ്തീൻ സംഘടനകൾ. ഇസ്രയേൽ ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ മധ്യസ്ഥർ മുഖേന വെടിനിർത്തൽ ആവശ്യം പലസ്തീൻ മുന്നോട്ട് വച്ചതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 7 പലസ്തീൻകാർ കൊല്ലപ്പെട്ടിരുന്നു.

'ഈജിപ്റ്റിന്‍റെ ഭാഗത്തുനിന്നുണ്ടായ ശ്രമമാണ് ഒരു വെടിനിര്‍ത്തലിലേക്ക് ഇപ്പോള്‍ നയിച്ചിരിക്കുന്നത്. സയണിസ്റ്റ് ശത്രു ഇപ്പോഴത്തെ കരാറിനെ ബഹുമാനിക്കുന്നിടത്തോളം ഞങ്ങള്‍-പ്രതിരോധം ഉയര്‍ത്തുന്നവരും അതിനെ ബഹുമാനിക്കും', പലസ്‍തീന്‍ സംഘടനകള്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. ഗാസയിലെ അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ഇസ്രയേല്‍ തയ്യാറാവുന്നപക്ഷം തങ്ങള്‍ വെടിനിര്‍ത്തലിന് ഒരുക്കമാണെന്ന് ഹമാസിന്‍റെ മുതിര്‍ന്ന നേതാവ് ഇസ്മയില്‍ ഹനിയ നേരത്തേ പറഞ്ഞിരുന്നു.

2014ലെ യുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ സംഘര്‍ഷത്തിനാണ് ഗാസ മേഖല കഴിഞ്ഞ ദിവസങ്ങളില്‍ സാക്ഷ്യം വഹിച്ചത്. ഏഴ് പലസ്തീന്‍കാര്‍ കൊല്ലപ്പെട്ട ആക്രമണങ്ങള്‍ക്ക് മറുപടിയായി ഹമാസ് ഉള്‍പ്പെടെയുള്ള സൈനിക സംഘങ്ങള്‍ 400 റോക്കറ്റ്, മോര്‍ട്ടാര്‍ ആക്രമണങ്ങളാണ് ഇസ്രയേലിന് നേര്‍ക്ക് ഞായറാഴ്ചയ്ക്ക് ശേഷം നടത്തിയത്. അതിന് മറുപടിയായി ഇസ്രയേലും വ്യോമാക്രമണം നടത്തിയിരുന്നു.