കോൺഗ്രസിന്റെ വോട്ടും നേടുമെന്ന് ബിജെപി സ്ഥാനാർത്ഥി മുൻകോൺഗ്രസ് നേതാവാണ് രാജേന്ദ്ര ഗാവത്ത് വിജയം ഉറപ്പെന്ന് ഗാവിത്ത് ഏഷ്യാനെറ്റ് ന്യൂസിനോട്

മുംബൈ: പാൽഘറിൽ കോണ്‍ഗ്രസുകാരും തനിക്ക് വോട്ടു ചെയ്യുമെന്ന് ബി.ജെ.പി സ്ഥാനാര്‍ഥി രാജേന്ദ്ര ഗാവിത്ത്. ബി.ജെ.പിയുടെ വികസന നയത്തിൽ ആകൃഷ്ടനായാണ് പാര്‍ട്ടയിൽ ചേര്‍ന്നതെന്ന് ഗാവിത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഉപതിരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് ഗാവിത്ത് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയത്. '' കോൺഗ്രസിന്റെ 80 ശതമാനം പ്രവർത്തകരും എനിക്ക് ഒപ്പമാണ്, ആദിവാസി വോട്ടുകളും കിട്ടും, വിജയം ബിജെപിക്ക് ഉറപ്പാണ് '' ഗാവിത്ത് വ്യക്തമാക്കി.

കോണ്‍ഗ്രസിന്‍റെ ശക്തനായ ആദിവാസി നേതാവായിരുന്നു മുന്‍ മന്ത്രിയായ രാജേന്ദ്ര ഗാവിത്ത് . മുന്‍ ബി.ജെ.പി എം.പിയുടെ മകനെ സ്വന്തം പാളയത്തിലെത്തിച്ച് ശിവസേന സ്ഥാനാര്‍ഥിയാക്കിയതോടെയാണ് ബി.ജെ.പി ഗാവിത്തിനെ ചാക്കിട്ടു പിടിച്ചത്. പാല്‍ഘറിൽ നേരത്തെ എം.എല്‍.എ ആയിരുന്ന ഗാവിത്തിനെ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാര്‍ഥിയുമാക്കി.

തെരഞ്ഞെടുപ്പിന് തൊട്ടു മുന്പുള്ള കാലുമാറ്റം വിജയത്തിന് തടസമാകില്ലെന്നാണ് ഗാവിത്തിന്‍റെ പ്രതീക്ഷ. 2019 ലോക്സഭ തെരഞ്ഞടുപ്പിന്റെ സെമിഫൈനൽ എന്നു വിലയിരുത്തുന്ന പാൽഘറിൽ ശിവസേന ഉയർത്തുന്ന വെല്ലുവിളി ഗാവിത്തിലൂടെ മറികടക്കാനാകും എന്ന പ്രതീക്ഷയിലാണ് ബി.ജെ.പി