ജമ്മുകശ്മീരിലെ പാമ്പോറില്‍ സര്‍ക്കാര്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കയറിയ ഭീകരെ തുരത്താനുള്ള ഓപ്പറേഷന്‍ കരസേന തിങ്കളാഴ്ച രാവിലെ ആറിനാണ് തുടങ്ങിയത്. മൂന്നാം ദിവസവും ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇന്നലെ രാത്രി ഒരു ഭീകരനെ സേന വധിച്ചിരുന്നു. ഒരു ഭീകരന്‍ കൂടി ഇന്ന് കൊല്ലപ്പെട്ടു. ഒന്നോ രണ്ടോ പേര്‍ കൂടി ഇനിയുമുണ്ടാവാം എന്ന കണക്കുകൂട്ടലിലാണ് സുരക്ഷാ സേനകള്‍. ജമ്മുകശ്മീരിലെ വികസനത്തിന്റെ പ്രതീകങ്ങളിലൊന്നായിരുന്ന ഈ കെട്ടിടം ഏറ്റുമുട്ടലില്‍ ഏതാണ്ട തകര്‍ന്നു. നിയന്ത്രണ രേഖയിലെ താങ്ദറില്‍ നുഴഞ്ഞു കയറ്റത്തിനുള്ള ശ്രമം സേന തകര്‍ത്തു. നാലോ അഞ്ചാ ഭീകരര്‍ ഈ സംഘത്തിലുണ്ടായിരുന്നു.

ഇതിനിടെ പാക് അധീന കശ്മീരിലെ മിന്നലാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കരസേന ഇക്കാര്യത്തില്‍ അന്തിമ തീരുമാനം നേരത്തെ പ്രധാനമന്ത്രിയുടെ ഓഫീസിന് വിട്ടിരുന്നു. ഇന്ത്യ യുദ്ധം അടിച്ചേല്പിച്ചു എന്ന പ്രചരണത്തിന് ഇതിടയാക്കും എന്നാണ് വിലയിരുത്തല്‍. അതേസമയം പാകിസ്ഥാന്‍ യുദ്ധത്തിനാണ് തയ്യാറെടുക്കുന്നതെങ്കില്‍ ശക്തമായി തിരിച്ചടിക്കും. തല്ക്കാലം രാജ്യാന്തരരംഗത്ത് പാകിസ്ഥാനെ ഒറ്റപ്പെടുത്താനും ഭീകരവിരുദ്ധ നീക്കങ്ങള്‍ക്ക് പിന്തുണയാര്‍ജ്ജിക്കാനുമുള്ള നീക്കം തുടരാനാണ് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം.