അച്ഛൻ മരിച്ചുവെന്ന് ആ മകന് ഇപ്പോഴും വിശ്വാസിക്കാനാവുന്നില്ല. സംസ്‌കാരച്ചടങ്ങിനിടെ വാഗയ്‌യുടെ മകന്‍ പൊട്ടിക്കരഞ്ഞു. 

ദില്ലി: അച്ഛൻ മരിച്ചുവെന്ന് ആ മകന് ഇപ്പോഴും വിശ്വാസിക്കാനാവുന്നില്ല. പെരുന്നാളിന് വീട്ടിലെത്താമെന്ന് പറഞ്ഞ അച്ഛനെയും കാത്ത് ആ മകൻ മണിക്കൂറുകൾ കാത്തിരുന്നു. പക്ഷേ മകന്റെ മുന്നിലെത്തിയത് അച്ഛന്റെ ജീവനറ്റ ശരീരമായിരുന്നു. കഴിഞ്ഞ ദിവസം ദക്ഷിണ കാശ്മീരിലെ പുല്‍വാമയില്‍ ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു ഗുലാം ഹസന്‍ വാഗയ് എന്ന പൊലീസ് കോണ്‍സ്റ്റബിള്‍. ഗുലാം റസൂല്‍ ലോണ്‍ എന്ന മറ്റൊരു പൊലീസുകാരനും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

‘എന്തിനാണ് പറ്റിച്ചത് പപ്പാ, എന്തിനാണ് ഞങ്ങളെ വിട്ട് പോയത്, പെരുന്നാളിന് വീട്ടിലെത്താമെന്ന് വാക്ക് തന്നതല്ലേ…?’ – സംസ്‌കാരച്ചടങ്ങിനിടെ വാഗയ്‌യുടെ മകന്‍ കരഞ്ഞ് കൊണ്ട് ചോദിച്ചപ്പോള്‍ കണ്ടു നിന്നവര്‍ക്ക് തേങ്ങലടക്കാനായില്ല. അച്ഛൻ ഇനി എന്ന് തിരിച്ച് വരുമെന്നും അവൻ അലറിച്ചോദിച്ചു കൊണ്ടിരുന്നു. വാഗയ്‌ക്കൊപ്പം കൊല്ലപ്പെട്ട ലോണും പെരുന്നാളിന് വീട്ടിലെത്താനാണ് തീരുമാനിച്ചിരുന്നത്. ‘അദ്ദേഹം എന്നെ കഴിഞ്ഞ വൈകുന്നേരം വിളിച്ചിരുന്നു. കുട്ടികളെ റെഡിയാക്കി നിര്‍ത്താനും ഞാന്‍ അവരെ വീട്ടിലേക്ക് കൊണ്ടു പോവും.’ – ലോണിന്റെ സഹോദരന്‍ മുഹമ്മദ് യൂസഫ് പറഞ്ഞു. 

ഇരുവരുടെയും സംസ്‌കാര ചടങ്ങിന് സ്ത്രീകളും കുട്ടികളുമുള്‍പ്പടെ ആയിരങ്ങളാണ് പങ്കെടുത്തത്. കഴിഞ്ഞ ദിവസം പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിനിടെയാണ് ഇരുവരും കൊല്ലപ്പെട്ടത്. സംഭവത്തില്‍ 10 പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജില്ലാ കോടതി സമുച്ചയത്തിന് സംരക്ഷണമൊരുക്കുന്ന പൊലീസ് ചെക്ക് പോസ്റ്റിന് നേരെ വെടിയുതിര്‍ത്ത ഭീകരരെ നേരിട്ടാണ് ഇവര്‍ കൊല്ലപ്പെട്ടത്. ഭീകരര്‍ ഇവിടെ നിന്ന് വെടിക്കോപ്പുകളും ആയുധങ്ങളും കവര്‍ന്നിരുന്നു.