ഇടുക്കി: മൂന്നാര്‍ പാപ്പാത്തിച്ചോലയിലെ പുതിയ കുരിശ് നീക്കിയ കേസില്‍ രണ്ട് സിപിരിറ്റ് ഇന്‍ ജീസസ് പ്രവര്‍ത്തകര്‍ പിടിയില്‍. കല്‍പ്പറ്റ സ്വദേശി രാജുവും, രാജകുമാരി സ്വദേശി സെബാസ്റ്റ്യനുമാണ് പൊലീസിന്റെ പിടിയിലായത്. ഇന്നുപുലര്‍ച്ചെ ശാന്തന്‍പാറ പൊലീസാണ് ഇവരെ പിടിയിലായത്. ഇവര്‍ സഞ്ചരിച്ച സ്പിരിറ്റ് ഇന്‍ ജീസസ് ചെയര്‍മാന്‍ ടോം സക്കറിയയുടെ ഉടമസ്ഥതയിലുളള പിക്കപ്പ് വാനും പോലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് സ്ഥാപിച്ച കുരിശാണ് നീക്കിയ നിലയില്‍ കണ്ടെത്തിയത്. കുരിശ് സ്ഥാപിച്ചവര്‍ തന്നെ അത് നീക്കിയെന്നാണെന്ന പോലീസ് സംശയം ശരിവയ്ക്കുന്നതാണ് രണ്ട് പേരുടെ അറസ്റ്റ്. ഇന്നലെ വൈകിട്ടാണ് പാപ്പാത്തിച്ചോലയില്‍ വീണ്ടും കുരിശ് സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം റവന്യൂ വകുപ്പ് കുരിശു നീക്കം ചെയ്ത് കയ്യേറ്റം ഒഴിപ്പിച്ച സ്ഥലത്താണ് വീണ്ടും കുരിശ് സ്ഥാപിച്ചത്. അഞ്ച് അടി ഉയരുമുള്ള മരക്കുരിശാണ് പുതിയതായി സ്ഥാപിച്ചത്.

അറസ്റ്റിലായവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. പൊളിച്ച് നീക്കിയ കുരിശ് കണ്ടെത്താനായി പോലീസ് തിരിച്ചില്‍ ആരംഭിച്ചു. എന്നാല്‍ അടുത്തുള്ള റിസോര്‍ട്ടില്‍ എത്തിയതാണെന്നാണ് പോലീസിന്റെ പിടിയിലായവര്‍ പറയുന്നത്.