മൂന്നാര്‍: സൂര്യനെല്ലിയിലെ പാപ്പാത്തിച്ചോലയില്‍ കുരിശ് മറയാക്കി ഭൂമി കയ്യേറിയ സ്പിരിറ്റ് ഇന്‍ ജീസസ് മേധാവി ടോം സഖറിയ ഉള്‍പ്പെടെയുള്ളവര്‍ കൈവശം വച്ചിരിക്കുന്ന മിച്ചഭൂമി വീണ്ടെടുക്കണമെന്ന സംസ്ഥാന ലാന്റ് ബോര്‍ഡിന്റെ നിര്‍ദ്ദേശം അട്ടിമറിക്കപ്പെട്ടു. 2012 ലാണ് ലാന്റ് ബോര്‍ഡ് ഈ ഉത്തരവ് നല്‍കിയത്. അഞ്ചു ജില്ലാ കളക്ടര്‍മാര്‍ മാറി വന്നിട്ടും ഇക്കാര്യത്തില്‍ നടപടി ഒന്നുമുണ്ടായില്ല. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന്.
വെള്ളൂക്കുന്നേല്‍ സഖറിയയും മക്കളും ബന്ധുക്കളും ചേര്‍ന്ന് ചിന്നക്കനാലിലെ നൂറു കണക്കിനേക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി മറിച്ചു വിറ്റുവെന്ന് റവന്യൂ വകുപ്പും ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതില്‍ മിച്ച ഭൂമിയും ഉള്‍പ്പെട്ടിട്ടുണ്ട്. വെള്ളൂക്കുന്നേല്‍ കുടുംബത്തില്‍പ്പെട്ട 13 പേരാണ് ഭൂമി കൈവശം വച്ചിരിക്കുന്നതായി കണ്ടെത്തിയത്. ഇതു സംബന്ധിച്ച് ഇടുക്കി ജില്ലാ കളക്ടര്‍ ലാന്‍ഡ് ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് ഇവരുടെ കൈവശം അനുവദനീയമായതില്‍ കൂടുതലുള്ള മിച്ചഭൂമി കണ്ടെത്തി തിരിച്ചെടുക്കാന്‍ നിര്‍ദ്ദേശിച്ചു. ഭൂസംരക്ഷണ നിയപ്രകാരം അനുവദനീയമായതില്‍ കൂടുതലുള്ള ഭൂമി കണ്ടെത്താന്‍ 2012 ജനുവരി 12ന് ഉത്തവിട്ടു. ഇതനുസരിച്ച് ജില്ലാ കളക്ടര്‍ പ്രത്യേക സര്‍വേ ടീമിനെ നിയോഗിച്ചു. ഭൂമി കൈവശം വച്ചിരിക്കുന്നവരോട് രേഖകള്‍ ഹാജരാക്കാന്‍ നോട്ടീസ് നല്‍കി. എന്നാല്‍ വര്‍ഷങ്ങള്‍ കഴി!ഞ്ഞിട്ടും രേഖകളൊന്നും റവന്യൂ സംഘത്തിനു മുന്നില്‍ ഹാജരാക്കിയില്ല. പകരം തങ്ങളുടെ കൈവശം മതിയായ രേഖകളുള്ള 292 ഏക്കര്‍ ഭൂമി മാത്രമാണുള്ളതെന്നു കാണിച്ച് അന്നത്തെ നിയമ മന്ത്രിയായിരുന്നു കെ എം മാണിക്ക് കത്തു നല്‍കുകയാണിവര്‍ ചെയ്തത്. ഇതോടെ നടപടികള്‍ എല്ലാം അവസാനിച്ചു. അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും നടപടി എടുക്കാന്‍ തയ്യാറാകാതെ റിപ്പോര്‍ട്ട് പൂഴ്ത്തി വച്ചിരിക്കുകയാണ്. ഇവരില്‍ പലരുടെയും പേരില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയതിനും വ്യാജ രേഖ ചമച്ചതിനും ക്രൈംബ്രാഞ്ച് കേസ്സെടുത്തിട്ടുണ്ട്.
