ദില്ലി: ദില്ലി മാക്സ് ആശുപത്രിയില്‍ നവജാത ശിശുക്കളോട് അനാസ്ഥ. മരിച്ചെന്ന് പറഞ്ഞ് ആശുപത്രി അധികൃതര്‍ പ്ലാസ്റ്റിക് കവറില്‍ നല്‍കിയ ഇരട്ടകളില്‍ ഒരാള്‍ക്ക് ജീവനുണ്ടെന്ന് കണ്ടെത്തി. ഉത്തര ദില്ലിയിലെ ഷാലിമാര്‍ ബാഗിലെ മാക്സ് ഹോസ്പ്റ്റലിലാണ് ഗുരുതര വീഴ്ച സംഭവിച്ചത്. സംസ്കാര ചടങ്ങുകള്‍ പുരോഗമിക്കുമ്പോഴാണ് കുട്ടികളില്‍ ഒരാള്‍ക്ക് ജീവനുള്ളതായി കണ്ടെത്തിയത്.

ഇന്നലെ ജനിച്ച ഇരട്ടകളെയാണ് മരിച്ചെന്ന് പറഞ്ഞ് ആശുപത്രി അധികൃതര്‍ മാതാപിതാക്കള്‍ക്ക് നല്‍കിയത്. സംസ്കാര ചടങ്ങുകള്‍ക്കിടയില്‍ ഇരട്ടകളിലൊരാള്‍ക്ക് ജീവനുണ്ടെന്ന് കണ്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കുഞ്ഞിനെ മറ്റൊരു ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തുമ്പോള്‍ ജീവനുണ്ടായിരുന്ന കുഞ്ഞിനെ തീവ്രചികിത്സ ആവശ്യമുള്ള കുഞ്ഞിനെ വെന്‍റിലേറ്ററിലാക്കാന്‍ ആശുപത്രി അധികൃതര്‍ വന്‍ തുക ആവശ്യപ്പെട്ടു. തവണകളായി അടയ്ക്കാമെന്ന് ബന്ധുക്കള്‍ ഉറപ്പ് നല്‍കിയിട്ടും ആശുപത്രി അധികൃതര്‍ വഴങ്ങിയില്ല. ചികിത്സ വൈകിയതിനെ തുടര്‍ന്ന് രണ്ടാമത്തെ കുഞ്ഞും മരിച്ചെന്നാണ് കുടുംബം ആരോപിക്കുന്നത്. 

സംഭവത്തിന് പിന്നാലെ മാക്സ് ആശുപത്രിയിലെ ഗുരുതര വീഴ്ചയ്ക്ക് കാരണക്കാരനായ ഡോക്ടറെ ആശുപത്രി അധികൃതര്‍ ലീവില്‍ അയച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് ആശുപത്രി അധികൃതര്‍ വിശദമാക്കി. നേരത്തെ ദില്ലിയിലെ മറ്റൊരു ഹോസ്പിറ്റലില്‍ ഡെങ്കിപ്പനി ബാധിച്ച മരിച്ച ഏഴുവയസുകാരന്റെ കുടുംബത്തില്‍ നിന്ന് അമിത തുക ഈടാക്കിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇരു സംഭവങ്ങളിലും പരിശോധനയ്ക്ക് ശേഷം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പറഞ്ഞു.