എറണാകുളം: പറവൂരിൽ പെൺകുഞ്ഞെന്ന കാരണത്താൽ നവജാതാശിശുവിനെ നേപ്പാൾ സ്വദേശികളായ ദമ്പതികൾ  ഉപേക്ഷിച്ചു. പ്രസവ ശേഷം കുഞ്ഞിന് പ്രാഥമിക ചികിത്സ പോലും ന‍ൽകിയില്ല. ചൈൽഡ് ലൈൻ പ്രവർത്തകരെത്തി കുഞ്ഞിനെ ഏറ്റെടുത്തു. 

നേപ്പാൾ സ്വദേശികളായ ലോഗ്ബെഹ്ദറും ജാനകിയുമാണ് നവജാത ശിശുവിനെ പറവൂ‍‌ർ താലൂക്ക് ആശുപത്രിയിൽ ഉപേക്ഷിക്കാനൊരുങ്ങിയത്. പറവൂർ കുന്നുകരയിലെ ഹോട്ടലിൽ ജോലിക്കാരനായ ലോഗ്ബഹ്ദ‌റും ഭാര്യ ജാനകിയും മുന്ന് മക്കൾക്കുമെപ്പം മുനന്പത്താണ് താമസിക്കുന്നത്. 

ഇന്നലെ മുനമ്പത്തെ വാടക വീട്ടിലാണ് ജാനകി പെൺകുഞ്ഞിനെ പ്രസവിച്ചത്. സംഭവമറിഞ്ഞെത്തിയ ആരോഗ്യ പ്രവർത്തകർ കുഞ്ഞിനെയും അമ്മയെയും ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന് ചികിത്സയോ പ്രതിരോധ മരുന്നോ നൽകാൻ മാതാപിതാക്കൾ സമ്മതിച്ചില്ല. 

ആശുപത്രി അധികൃത‌ർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസെത്തിയാണ് കുഞ്ഞിനെ ചൈൽഡ് ലൈന് കൈമാറിയത്. മുന്നും പെൺകുട്ടികളായതു കൊണ്ടാണ് നാലാമത്തെ കുഞ്ഞിനെ ഉപേഷിക്കുന്നതെന്ന് ലോഗ്ബെഹ്ദർ ആശിപത്രി അധികൃതരോട് പറഞ്ഞു.