ലഖ്നൗ:ആറുവയസുകാരിയെ കൊന്ന് മാതാപിതാക്കള്‍ വീട്ടിനുള്ളില്‍ കുഴിച്ചിട്ടു. പോഷകാഹാരക്കുറവ് മൂലം രോഗബാധിതയായിരുന്നു പെണ്‍കുട്ടി. ആരോഗ്യമുള്ള മറ്റൊരു കുട്ടിയെ ലഭിക്കാനായി മന്ത്രവാദിയുടെ ഉപദേശപ്രകാരമാണ് മാതാപിതാക്കള്‍ കൊടും ക്രൂരത ചെയ്തത്. ഉത്തര്‍പ്രദേശിലെ മോറദാബാദിലാണ് സംഭവം. അയല്‍വാസിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി പരിശോധന നടത്തി. നിലം കുഴിച്ച് നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി.

 മകളില്‍ നിന്നും പിരിയാതിരിക്കാനായാണ് വീട്ടിനുള്ളില്‍ കുഴിച്ചിട്ടതെന്നും അവിടെ അമ്പലം പണിയാനായിരുന്നു മാതാപിതാക്കളുടെ പദ്ധതിയെന്നും പെണ്‍കുട്ടിയുടെ മുത്തശ്ശി പറഞ്ഞു. എന്നാല്‍ പെണ്‍കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ശരീരത്തില്‍ ഭക്ഷണത്തിന്‍റെ അംശങ്ങളൊന്നും ഇല്ലായിരുന്നെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.  പെണ്‍കുട്ടിയുടെ മാതാപിതാക്കളെ പൊലീസ് ഉടന്‍ അറസ്റ്റ് ചെയ്യും.