സെന്‍ററിന്‍റെ ഡയറക്ടറെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല. കുട്ടിയുടെ കഴുത്തിലും മുഖത്തും പരിക്ക് കണ്ട സാഹചര്യത്തിലാണ് പരാതിയുമായി രക്ഷിതാക്കള്‍ പൊലീസിനെ സമീപിച്ചത്

തിരുവനന്തപുരം: സിഎസ്ഐ സഭയ്ക്ക് കീഴിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഭിന്നശേഷിക്കാരനായ കുട്ടിയെ ആയ ഉപദ്രവിച്ചതായി പരാതി. തിരുവനന്തപുരം സിഎസ്ഐ സഭയ്ക്ക് കീഴിലെ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ രക്ഷിതാവ് മ്യൂസിയം പൊലീസില്‍ പരാതി നല്‍കി.

കൊല്ലം സ്വദേശിയായ കുട്ടി അഞ്ച് വര്‍ഷമായി സിഎസ്ഐ സഭയ്ക്ക് കീഴിലെ സെന്‍റര്‍ ഫോര്‍ റീഹാബിലിറ്റേഷന്‍ ഓഫ് ദ ദിസേബിള്‍ഡ് ചില്‍ഡ്രണ്‍സ് ഹോമിലെ അന്തേവാസിയാണ്. കുട്ടിയെ ഇവിടെയുള്ളവര്‍ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്നും ശരീരത്തില്‍ പാടുകള്‍ ഉണ്ടെന്നുമാണ് രക്ഷിതാക്കളുടെ പരാതി.

സെന്‍ററിന്‍റെ ഡയറക്ടറെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല. കുട്ടിയുടെ കഴുത്തിലും മുഖത്തും പരിക്ക് കണ്ട സാഹചര്യത്തിലാണ് പരാതിയുമായി രക്ഷിതാക്കള്‍ പൊലീസിനെ സമീപിച്ചത്.

എന്നാല്‍ കുട്ടിയെ ഉപദ്രവിച്ചതായി അറിവില്ലെന്നും രക്ഷിതാക്കള്‍ കുട്ടിയെ സെന്‍ററില്‍ നിന്ന് കൂട്ടികൊണ്ട് പോവുകയായിരുന്നുവെന്നും ഡയറക്ടര്‍ ഡോ ആര്‍തര്‍ ജേക്കബ് പറഞ്ഞു. സംഭവത്തില്‍ മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.