പത്തനംതിട്ട: മകന്‍റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട വാഴക്കുന്നം സ്വദേശികളായ പ്രവാസി കുടുംബം രംഗത്ത്. വാഴകുന്നം സ്വദേശി രവികുമാറിന്‍റെ മകൻ അനന്ത കൃഷ്ണനെ സെപ്തംബർ 30 നാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വാഴക്കുന്നം സുഭഗയിൽ രവികുമാർ ലേഖ ദമ്പതികളുടെ മകൻ അനന്തകൃഷ്ണനെ സെപ്തംബർ 30ന് രാത്രിയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

മാതാപിതാക്കൾ ദുബായിയിൽ ജോലിചെയ്തിരുന്നതിമാൽ നാട്ടിൽ പ്രായമായ മുത്തശ്ശിക്കൊപ്പമായിരുന്നു അനന്തകൃഷ്ണൻ കഴിഞ്ഞിരുന്നത്. മരിക്കുന്നതിന് മുൻപ് അനന്തകൃഷ്ണന് നിരവധി ഫോൺകാളുകൾ വന്നിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. സുഹൃത്തുക്കളുമായി കോൾ കോൺഫറൻസിംഗ് നടത്തുകയും ചെയ്തിരുന്നു. ഡിഗ്രിവിദ്യാർത്ഥിയായ അനന്തകൃഷ്ണന്‍റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ടാണ് കുടുംബം പത്തനംതിട്ട എസ്പി ക്ക് പരാതി നൽകിയിരിക്കുന്നത്. 

മകനെ വിളിച്ചവരുടെ ഫോൺ കോൾ പട്ടിക പരിശോധിക്കണമെന്നാണ് ആവശ്യം. കുടുംബത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ ആറന്മുള പൊലീസ് അസ്വഭാവിക മരണത്തിന് കേസ്സെടുത്തിരുന്നു. പ്രണയ ബന്ധം തകർന്നതിലുള്ള മനോവിഷമം അനന്തകൃഷ്ണനെ അലട്ടിയിരുന്നെന്നാണ് പൊലീസിന്‍റെ വാദം. കേസിൽ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.