പനജി: ഒരു പാർട്ടിക്കും കേവലഭൂരിപക്ഷം ഇല്ലാതിരുന്ന ഗോവയിൽ മുഖ്യമന്ത്രി മനോഹർ പരീക്കർ വിശ്വാസവോട്ട് നേടി. സുപ്രീം കോടതി നിർദേശപ്രകാരം നടത്തിയ വിശ്വാസവോട്ടെടുപ്പിൽ 40എംഎൽഎമാരിൽ 22 പേരുടെ പിന്തുണ നേടിയാണ് മനോഹർ പരീക്കർ ഭരണം തുടരാനുള്ള വിശ്വാസം നേടിയത്. 17 എംഎൽഎമാരുള്ള കോൺഗ്രസിന് കിട്ടിയത് 16വോട്ട്.
രാവിലെ 11.30ന് സഭ സമ്മേളിച്ച ഉടനെ പ്രോടെം സ്പീക്കർ എംഎൽഎമാരെ സത്യപ്രതിജ്ഞ ചെയ്യിച്ചു. തുടർന്ന് തലയെണ്ണിക്കൊണ്ട് വിശ്വാസവോട്ടെടുപ്പ് നടന്നു. മൂന്ന് എംഎൽഎമാർവീതമുള്ള എംജിപിയും ജിഎഫ്‌പിയും മൂന്ന് സ്വതന്ത്രരും ഒരു എൻസിപി അംഗവും സർക്കാരിനെ പിന്തുണച്ചു.
കോൺഗ്രസിന് സർക്കാരിനെ മറിച്ചിടാനായില്ലെന്നുമാത്രമല്ല സ്വന്തം എംഎൽഎമാരുടെ പിന്തുണ പൂർണമായും കിട്ടിയതുമില്ല. കോൺഗ്രസ് എംഎൽഎ വിശ്വജിത്ത് റാണെ വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാതെ മാറിനിന്നതോടെ 17 അംഗ കോൺഗ്രസിന് കിട്ടിയത് പതിനാറ് വോട്ട്. വോട്ടെടുപ്പിൽനിന്നുംവിട്ടുനിന്ന വിശ്വജിത്ത് റാണെ കോൺഗ്രസ് അംഗത്വവും എംഎൽഎസ്ഥാനവും രാജിവെച്ചു.
മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് നാളെ വൈകുന്നേരം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈമാസം ഇരുപത്തിരണ്ടിന് ചേരുന്ന ബജറ്റ് സമ്മേളനത്തിൽ സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കും. ഇരുപത്തി നാലിനാണ് പരീക്കർ സർക്കാരിന്റെ ആദ്യ ബജറ്റ്.
