ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരീക്ഷാ പേ ചര്‍ച്ചയ്ക്കിടെ ഹിമാചലില്‍ സര്‍ക്കാര്‍ സ്കൂളില്‍ ദലിത് വിദ്യാര്‍ത്ഥികളെ സ്കൂളിന് പുറത്ത് ഇരുത്തിയതായി പരാതി.സ്കൂളിന് പുറത്ത് കുതിരകളെ കെട്ടുന്ന സ്ഥലത്ത് ഇരുത്തിയെന്നാണ് കുളു സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ പരാതി ഉന്നയിച്ചത്.
പരിപാടി കാണാനായി എത്തിയപ്പോൾ അധ്യാപികയായ മെഹർ ചന്ദ് മുറിക്കു പുറത്തുപോയിരിക്കുവാൻ ആവശ്യപ്പെട്ടെന്ന് കുളു ഡെപ്യൂട്ടി കമ്മീഷണർക്കു ലഭിച്ച പരാതിയിൽ പറയുന്നു. പരിപാടി കഴിയുന്നവരെ ഇരുന്ന സ്ഥലത്തുനിന്നും എഴുന്നേൽക്കാൻ പാടില്ലെന്ന് അധ്യാപിക പറഞ്ഞതായും പരാതിയിലുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച ദളിത് സംഘടനകള്‍ സ്കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
സംഭവം വിവാദമായതിനെ തുടർന്ന് സ്കൂൾ അധികൃതർ ഖേദപ്രകടനം നടത്തി. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി സുരേഷ് ഭരദ്വാജ് വിദ്യാഭ്യാസ സെക്രട്ടറിയിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടു. ഉച്ചഭക്ഷണ സമയത്തും സ്കൂളിൽ ദലിത് വിദ്യാർഥികളോട് വിവേചനം കാണിക്കാറുണ്ടെന്ന് പരാതിയുണ്ട്. ഇക്കാര്യങ്ങൾ സത്യമാണെങ്കില്‍ കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, ഇത്തരം സംഭവം ഇനി ആവര്‍ത്തിക്കില്ലെന്നും ഖേദം പ്രകടിപ്പിക്കുന്നതായും ഹെഡ്മാസ്റ്റര്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ദളിത് മനോഭാവമാണ് ഇതിലൂടെ വ്യക്തമായതെന്ന പ്രതിപക്ഷം ആരോപിച്ചു.
