ദില്ലി: നിയമവിദ്യാര്‍തിനി ജിഷ കൊല്ലപ്പെട്ട സംഭവം പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബഹളം. ലോക്‌സഭയില്‍ ഈ വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയ മീനാക്ഷി ലേഖി സൗമ്യാ വധക്കേസ് പ്രതി ഗോവിന്ദ ചാമിയുടെ വധശിക്ഷയെ എതിര്‍ത്തവര്‍ ജനങ്ങളോട് മറുപടിപറയണമെന്ന് ആവശ്യപ്പെട്ടു. നിയമ വിദ്യാര്‍ത്ഥിനി ജിഷ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് നേരിട്ടന്വേഷിക്കാന്‍ നാളെ കേരളത്തിലെത്തുമെന്ന് കേന്ദ്ര സാമൂഹ്യക്ഷേമ മന്ത്രി തവര്‍ചന്ദ് ഗെലോട്ട് പാര്‍ലമെന്റില്‍ അറിയിച്ചു.
താന്‍ നേരിട്ടെത്തി റിപ്പോര്‍ട്ട് തയ്യാറാക്കുമെന്ന് കേന്ദ്ര സാമൂഹ്യക്ഷേമ മന്ത്രി തവര്‍ചന്ദ് ഗലോട്ടും ആഭ്യന്തരമന്ത്രാലയം ഇടപെടുമെന്ന് പാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യനായിഡുവും അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തോട് റിപ്പോര്‍ട്ട് ആവശ്യപ്പെടും. രാജ്യസഭയില്‍ വിഷയം ഉന്നയിച്ച സിപിഎം അംഗം സിപി നാരായണനും സിപിഐ നേതാവ് ഡി രാജയും സംസ്ഥാന പോലീസ് പരാജയപ്പെട്ടെന്ന് ആരോപിച്ചു.
കേരളത്തില്‍ ക്രമസമാധാന തകര്‍ച്ചയാണെന്ന് ബിജെപി അംഗം തരുണ്‍ വിജയ് രാജ്യസഭയിലും റിച്ചാര്‍ഡ് ഹേ ലോക്‌സഭയിലും കുറ്റപ്പെടുത്തി. വിഷയത്തില്‍ ശക്തമായ നടപടി ഉണ്ടാകണമെന്ന് രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പിജെ കുര്യന്‍ ആവശ്യപ്പെട്ടു.സംഭവത്തില്‍ പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷന്‍ കേരളാ ഹൗസിലേക്ക് മാര്‍ച്ച് നടത്തി.
