ഭിന്നശേഷി ക്ഷേമ ബില്‍ പാസ്സായതൊഴികെ, പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ അവസാന ദിനവും ചര്‍ച്ചയൊന്നും നടന്നില്ല. രാവിലെ ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, നോട്ട് അസാധുവാക്കല്‍ കള്ളപ്പണത്തിനെതിരെയുള്ള നടപടികളുടെ തുടക്കം മാത്രമാണെന്ന് വ്യക്തമാക്കി. നവംബര്‍ എട്ടിനു മുമ്പുള്ള പോസ്റ്റുമോര്‍ട്ടം വേണ്ടെന്നും ഉദ്യോഗസ്ഥരാജ് തിരിച്ചു വരാന്‍ അനുവദിക്കില്ലെന്നും മോദി പറഞ്ഞു. 1971ല്‍ വാഞ്ചു കമ്മിറ്റി ഇന്ദിരാഗാന്ധിയോട് നോട്ട് അസാധുവാക്കല്‍ നിര്‍‍ദ്ദേശിച്ചപ്പോള്‍ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് വാദിച്ച് അത് വേണ്ടെന്ന് വച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും മോദി പറഞ്ഞു. അന്ന് ഹര്‍കിഷന്‍സിങ് സുര്‍ജിത്തും ജ്യോതി ബസുവും നോട്ട് അസാധുവാക്കലിനെ പിന്തുണച്ചത് സി.പി.എം ഓര്‍ക്കണമെന്നും മോദി ആവശ്യപ്പെട്ടു.

ശീതകാല സമ്മേളനത്തിന്റ അവസാന ദിനം പ്രതിപക്ഷ ഐക്യം തകര്‍ന്നു. കാര്‍ഷിക വായ്പ എഴുതി തള്ളണം എന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ രാവിലെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രധാനമന്ത്രിയെ കണ്ടത് ചില പ്രതിപക്ഷ പാര്‍ട്ടികളെ ചൊടിപ്പിച്ചു. തുടര്‍ന്ന് രാഷ്‌ടപതിക്ക് നിവേദനം നല്കാന്‍ പോയ സംഘത്തില്‍ നിന്ന് സി.പി.എമ്മും ബി.എസ്‌.പിയും ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ വിട്ടു നിന്നു. ഇടയ്ക്കിടെ കാണണം എന്നാണ് കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി രാഹുല്‍ ഗാന്ധിയോട് പറഞ്ഞത്.