ഭര്‍ത്താവും വേലക്കാരിയും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്നും ഇതിന് വീട്ടിലെ തത്ത സാക്ഷിയാണെന്നും ചൂണ്ടിക്കാട്ടിയാണ് കുവൈറ്റ് സ്വദേശിനിയായ യുവതി ഭര്‍ത്താവിനെതിരെ പരാതി നല്‍കിയത്. താന്‍ പുറത്തു പോകുമ്പോള്‍ ഭര്‍ത്താവും വേലക്കാരിയും തമ്മിലുണ്ടാകാറുള്ള സംഭാഷണങ്ങള്‍ തത്ത തന്നോട് വെളിപ്പെടുത്തിയതായി യുവതി പരാതിയില്‍ പറയുന്നു. ഭര്‍ത്താവും വേലക്കാരിയും തമ്മിലുള്ള മധുര സംഭാഷണമാണ് തത്ത വള്ളി പുള്ളി വിടാതെ യുവതിയെ പറഞ്ഞ് കേള്‍പ്പിച്ചത്. 

ഇതോടെ ഭര്‍ത്താവിനെതിരെ വഞ്ചനാക്കുറ്റത്തിന് പരാതി നല്‍കാന്‍ യുവതി തീരുമാനിക്കുകയായിരുന്നു. സാധാരണയിലും നേരത്തേ വീട്ടിലെത്തിയാല്‍ ഭര്‍ത്താവ് പരിഭ്രമം കാണിക്കാറുണ്ടായിരുന്നെന്നും പരാതിയിലുണ്ട്. എന്നാല്‍ തത്തയുടെ സാക്ഷി മൊഴി യുവതിയെ തുണച്ചില്ല. മതിയായ തെളിവില്ലെന്നും തത്തയെ സാക്ഷിയായി കണക്കാക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി കേസ് പൊലീസ് തള്ളി. ടിവിയിലോ മറ്റ് ഇടങ്ങളില്‍ നിന്നോ കേട്ട സംഭാഷണം തത്ത പറയുന്നതാണെന്നും കേസ് കോടതിയില്‍ നിലനില്‍ക്കില്ലെന്നുമാണ് ഇക്കാര്യത്തില്‍ പൊലീസിന്റെ വിശദീകരണം.