മൃതദേഹത്തിലെ പാടുകളില്‍ നിന്ന് ആക്രമിച്ചിരിക്കുന്നത് കടുവയാണെന്നാണ് നിഗമനം

ഋഷികേഷ്: ഉത്തരാഖണ്ഡിലെ രാജാജി ടൈഗര്‍ റിസര്‍വിലെ മോട്ടിച്ചൂര്‍ റെയ്ഞ്ചില്‍ പകുതി ഭക്ഷിച്ച നിലയില്‍ മനുഷ്യശരീരത്തിന്‍റെ അവശിഷ്ടം കണ്ടെടുത്തു. ഈ മേഖല കടുവ സങ്കേതത്തിന്‍റെ ഭാഗമാണ്. മൃതദേഹത്തിലെ പാടുകളില്‍ നിന്ന് ആക്രമിച്ചിരിക്കുന്നത് കടുവയാണെന്നാണ് നിഗമനം.

ഹരിയാനയിലെ പല്‍വാള്‍ ജില്ലയില്‍ നിന്നുളള 56 വയസ്സുളള ടീക്ക് ചന്ദ് എന്ന വ്യക്തിയാണിതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മോട്ടിച്ചൂര്‍ റെയ്ഞ്ചിലുളള റായിവാലയിലെ സത്യനാരായണ ക്ഷേത്ര ദര്‍ശനത്തിന് കുടുംബത്തോടൊപ്പം ഞായറാഴ്ച്ച ഇവിടെയെത്തിയതായിരുന്നു ടീക്ക് ചന്ദ്. ചന്ദ് വൈകിട്ട് നാലുമണിയോടെ ക്ഷേത്രത്തിന് പുറകിലെ കാട്ടിലേക്ക് പോയിരുന്നു. പിന്നീട് ടീക്ക് ചന്ദിനെ കാണാതാവുകയായിരുന്നു. 

ചന്ദിനെ അന്വേഷിക്കാനിറങ്ങിയ വന - പോലീസ് സംഘമാണ് തിങ്കളഴ്ച്ച രാവിലെ 10.30 തോടെ മൃതദേഹം കണ്ടെടുത്തത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയ്ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന 17 മത്തെ സമാന സംഭവമാണിതെന്നാണ് ഉത്തരാഖണ്ഡ് വനം വകുപ്പ് അറിയിച്ചത്. ഈ പ്രദേശത്ത് പോകരുത് എന്ന് നിര്‍ദേശം നല്‍കിയാലും ആളുകള്‍ അവഗണിക്കാറാണ് പതിവെന്ന് പോലീസ് പറയുന്നു. മോട്ടിച്ചൂര്‍ വനമേഖല അപകടം പിടിച്ച വന്യജീവികള്‍ ധാരാളമുളള പ്രദേശമാണ്. ഇവിടുത്തെ സത്യനാരായണ ക്ഷേത്രം അതിപ്രസിദ്ധവും.