പരുന്തിനെപ്പോലെ നിമിഷാര്‍ദ്ധത്തില്‍ മോഷണം നടത്താന്‍ വിരുതന്, അതിസമര്‍ത്ഥനായ ഓട്ടക്കാരന്‍ അങ്ങനെയാണ് ചാലക്കുടിക്കാരന്‍ ഫ്രാന്‍സിസിന് പരുന്ത് പ്രാഞ്ചിയെന്നും കാള്‍ലൂയിസ് പ്രാഞ്ചിയെന്നും പേരുകള്‍ വീഴുന്നത്. ഉഷ്ണകാലങ്ങളില്‍ ജനല്‍ തുറന്നിട്ട് ജനലിനരികില്‍ കിടന്നുറങ്ങുന്നവരാണ് പ്രാഞ്ചിയുടെ ഇരകളായിട്ടുള്ളത്. ഇത്തരത്തില്‍ കേരളത്തിലങ്ങോളമിങ്ങോളം നിരവധി സ്വര്‍ണമോഷണകേസുകളില്‍ ഇയാള്‍ പ്രതിയാണ്. പാലക്കാട് ഒലവക്കോട് വച്ചാണ് നോര്‍ത്ത് സിഐ ജോഷി ജോസിന്‍റെയും എസ്ഐ ടിസി മുരുകന്‍റെയും നേതൃത്വത്തില്‍ പ്രത്യേക ക്രൈംസ്ക്വാഡ് പ്രാഞ്ചിയെ പിടികൂടിയത്. 

പിടിയിലാകുമ്പോള്‍ ഇയാളുടെ കൈവശം ഉണ്ടായിരുന്ന സ്വര്‍ണം മലപ്പുറം ഡൗണ്‍ഹില്ലില്‍ അബ്ദുള്‍സലാമിന്‍റെ വീട്ടില്‍ നിന്നും ഇക്കഴിഞ്ഞ രണ്ടാം തീയതി മോഷ്‌ടിച്ചതാണെന്ന് തെളിഞ്ഞിട്ടുണ്ട്. ബാക്കി സ്വര്‍ണം കോയമ്പത്തൂരില്‍ വില്‍പ്പന നടത്തിയതായും പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നും തെളിഞ്ഞിട്ടുണ്ട്. എറണാകുളം തൃശൂര്‍ മലപ്പുറം പാലക്കാട് ജില്ലകളിലാണ് ഇയാള്‍ക്കെതിരെ കൂടുതല്‍ കേസുകളുള്ളത്. പലകേസുകളിലായി 11 വര്‍ഷത്തോളം തടവുശിക്ഷയും അനുഭവിച്ചിട്ടുണ്ട്. ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങി.