തിരുവനന്തപുരം: അനുജന്‍റെ മരണത്തില്‍ നീതി തേടി സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ശ്രീജിത്തിനെ പിന്തുണച്ചതിന്റെ പേരില്‍ നടി പാര്‍വതിക്കെതിരെ വീണ്ടും സൈബര്‍ ആക്രമണം. പോപ് കോണും തിന്ന് വീട്ടില്‍ ഇരുന്നാല്‍ മതി ഫെമിനിച്ചി എന്നാണ് സൈബറിടത്തിലെ വിമര്‍ശകരുടെ പക്ഷം. പാര്‍വതിയുടെ പോസ്റ്റില്‍ പറയുന്ന വിഷയത്തിന്റെ പ്രസക്തി മനസിലാക്കാതെ പാര്‍വതിയിട്ട പോസ്റ്റ് ആയതിനാല്‍ രൂക്ഷമായ ആക്രമണമാണ് ഒരു വിഭാഗം നടത്തുന്നത്.

മമ്മൂട്ടിയെ വിമര്‍ശിച്ചതിനെ തുടര്‍ന്നാണ് പാര്‍വതിക്കെതിരെ സൈബര്‍ ആക്രമണം തുടങ്ങിയത്. അത് അവസാനിച്ച് വരുന്നതിനിടെയാണ് വീണ്ടും ആക്രമണം തുടങ്ങിയിരിക്കുന്നത്. നഷ്ടപ്പെട്ട ഇമേജ് വീണ്ടെടുക്കാനുള്ള ശ്രമമാണ് പാര്‍വതിയുടേതെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. വിഷയത്തിന്റെ പ്രസക്തി മനസിലാക്കാതെ കണ്ണുംപൂട്ടി അസഭ്യ കമന്റുകള്‍ എഴുതി വിടുകയാണ് ഒരു വിഭാഗം. അതേസമയം പാര്‍വതിയെ പിന്തുണയ്ക്കുന്നവരും കുറവല്ല.

ശ്രീജിത്തിനെ പിന്തുണച്ച് പാര്‍വതിയിട്ട ഫെയ്സ്ബുക്ക് പോസ്റ്റ്

ശ്രീജിത്ത്, നീതിക്കു വേണ്ടിയുള്ള നിങ്ങളുടെ ഈ പോരാട്ടത്തിൽ നിങ്ങളുടെ കൂടെ നിൽക്കാതിരിക്കാനാവില്ല. സത്യം. ആരും, ഒരാളും നീതി നിഷേധിക്കപ്പെട്ടു, ഇരുട്ടിൽ നിർത്തപ്പെടരുത്. കൂടപ്പിറപ്പിന്റെ ജീവിതത്തോടുള്ള നിങ്ങളുടെ ആദരവും സ്നേഹവും- അത് നേടിയെടുക്കാനുള്ള നിങ്ങളുടെ ധീരമായ അശ്രാന്തപോരാട്ടവും ഇന്നത്തെ ആവശ്യമാണ്. നമ്മളിൽ ഓരോരുത്തരും നമ്മളോട് തന്നെ നടത്തേണ്ട കലഹമാണത്. നമ്മളിൽ പലരും ചൂണ്ടാൻ ഭയക്കുന്ന, മടിക്കുന്ന, സംശയിക്കുന്ന വിരലുകളാണ് ശ്രീജിത്ത് നിങ്ങൾ. സ്നേഹം. ബഹുമാനം. ഐക്യം.